Site icon CTV Online

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; 50 കോടിയിലേറെ രൂപയുടെ തിരിമറി

Web Desk

തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ തട്ടിപ്പിന് പുറമെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പ്. ബാങ്കിന് കീഴിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിലെ സ്റ്റോക്കെടുപ്പിൽ വൻ ക്രമക്കേട് നടന്നതായും കണ്ടെത്തൽ. ബാങ്കിലെ കുറി നടത്തിപ്പിൽ മാത്രം 50 കോടിയിലേറെ രൂപയുടെ തിരിമറി നടന്നു. ക്രമക്കേട് നടന്നതിന്റെ രേഖകൾ 24ന്. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പാതട്ടിപ്പിന് പുറമെ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂർ, മൂർഖനാട് സൂപ്പർ മാർക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020ലെ കണക്കുകൾ മാത്രം എടുത്തു നോക്കിയാൽ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. മാസ തവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണുകളും ഒരാൾക്ക് തന്നെ നൽകിയാണ് തട്ടിപ്പ് നടത്തിയത്. അനിൽ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകൾ ഏറ്റെടുത്തു. ഇതിൽ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version