
Web Desk
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം ജീവനൊടുക്കി. ടി.എം മുകുന്ദൻ ആണ് ആത്മഹത്യ ചെയ്തത്. 80 ലക്ഷം രൂപ വായ്പ അടയ്ക്കാത്തതിന് മുകുന്ദന് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. ഇന്നലെയാണ് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചത്.വായ്പ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ പ്രതിസന്ധി മറികടക്കാനാണ് ജപ്തി നടപടികളുമായി കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് നീങ്ങിയത്. വായ്പ്പാതിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്ക് ജപ്തി നോട്ടിസ് അയച്ചു. നിക്ഷേപകർക്ക് തുക തിരിച്ചു നൽകാൻ കേരളബാങ്കിന്റെ സഹായവും, മറ്റ് സഹകരണ ബാങ്ക് കളിൽ നിന്നുള്ള സഹായത്തിനുമായി സഹകരണ രജിസ്ട്രാറെ സമീപിച്ചിരിക്കുകയാണ് കരുവന്നൂർ സർവീസ് സഹകരണബാങ്ക്.
300 കോടിയിലധികം വരുന്ന വൻ വായ്പ തട്ടിപ്പ് നടന്നതോടെ പ്രതിസന്ധിയിലായ കരുവന്നൂർ സർവീസ് സഹകരണബാങ്ക് പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിലെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. ചെറിയ തുക വായ്പഎടുത്ത് തിരിച്ചടവിൽ കുടിശ്ശിക വരുത്തിയവർക്കുൾപ്പടെ ജപ്തി നോട്ടീസ് അയച്ചു. എന്നാൽ കോവിഡ് പ്രതിസന്ധി യിൽ വരുമാനം നിലച്ച സാധാരണക്കാരായ കർഷകരും കൂലിതൊഴിലാളികളുമൊക്കെ ബാങ്ക് നിർദേശിച്ച തുക എങ്ങനെ അടയ്ക്കുമെന്ന ആശങ്കയിലാണ്.
കോടികളുടെ തട്ടിപ്പ് നടത്തിയവർക്കെതിരെ നടപടി വൈകുമ്പോഴാണ് മൂന്നും നാലും ലക്ഷം രൂപ വായ്പ എടുത്തവർക്കുൾപ്പടെ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം 50 കോടിയോളം രൂപ കണ്ടെത്താനായാൽ നിലവിലെ പ്രതിസന്ധി മറി കടക്കാനാകുമെന്നാണ് ബാങ്കിന്റെ കണക്ക് കൂട്ടൽ. മറ്റു സംഘങ്ങളിൽ നിന്നും ധനം സമാഹരിക്കുന്നതിന് രജിസ്ട്രാർ ക്ക് അപേക്ഷ നൽകി. രജിസ്ട്രാറുടെ അനുമതിയോടെ മാത്രമേ സഹായം സ്വീകരിക്കാനാകൂ. പ്രതിസന്ധി മറികടക്കാൻ പ്രൊജക്റ്റ് തായ്യാറാക്കി കേരള ബാങ്കിനെ യും സമീപിച്ചിട്ടുണ്ട്.
