ജോലിസ്ഥലത്തെ അവിഹിതബന്ധം ഭാര്യയറിഞ്ഞു, എതിർത്തു; ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തി ഭർത്താവ്

ചിക്കമംഗളൂരു ∙ അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്നു യുവതിയെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ഭർത്താവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദേവവൃന്ദ ഗ്രാമത്തിലെ വസതിയിൽ ശ്വേത എന്ന യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ദർശനെ അറസ്റ്റ് ചെയ്തു.

ശ്വേത സ്വയം സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീർക്കാൻ ദര്‍ശന്‍ ശ്രമിച്ചിരുന്നു. ശ്വേതയ്ക്കു ഹൃദയാഘാതം ഉണ്ടായതായും പറഞ്ഞു. എന്നാല്‍ മകളുടെ മരണത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുകാർ വരുന്നതിനു മുന്നേ ശ്വേതയുടെ മൃതദേഹം സംസ്കരിക്കാൻ ദർശൻ ശ്രമിച്ചതും സംശയം വർധിപ്പിച്ചു.
ഹൃദയാഘാതത്തെ തുടർന്നല്ല മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായി. തുടർന്നു ദർശനെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്തപ്പോഴാണു കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്. ശ്വേതയെ കൊന്നതാണെന്നു പ്രതി സമ്മതിച്ചു. കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദർശനും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്. ജോലിസ്ഥലത്തുള്ള മറ്റൊരു യുവതിയുമായി ദര്‍ശന്‍ അടുപ്പത്തിലായതോടെ ദാമ്പത്യത്തിൽ വിള്ളലുണ്ടായി.

ഈ യുവതിയെ വിളിച്ച് ദര്‍ശനുമായുള്ള ബന്ധം തുടരരുതെന്നു ശ്വേത മുന്നറിയിപ്പ് നൽകി. ഇക്കാര്യമറിഞ്ഞു രോഷാകുലനായ ദര്‍ശന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. റാഗിയുണ്ടയിൽ സയനൈഡ് ചേർത്തു ശ്വേതയ്ക്കു നൽകുകയായിരുന്നെന്നും ഇതു കഴിച്ചാണു യുവതി മരിച്ചതെന്നും ഗോണിബീഡു പൊലീസ് അറിയിച്ചു.

error: Content is protected !!