
കണ്ണൂർ: വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസിനുനേരെ വെടിയുതിർത്ത് പിതാവ്. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. സംഭവത്തിൽ പ്രതി ലേക്ക് സ്ട്രീറ്റ് വില്ലയിലെ റോഷന്റെ പിതാവ് ബാബു ഉമ്മൻ തോമസിനെ(71) പൊലീസ് സാഹസികമായി കീഴടക്കി.
വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയായ റോഷനെ അറസ്റ്റ് ചെയ്യാനായി ഇന്നലെ രാത്രി 10 മണിയോടെയാണ് വളപട്ടണം പൊലീസ് ചിറക്കലിലെ വീട്ടിലെത്തിയത്. രണ്ട് എസ്.ഐമാർ ഉൾപ്പെട്ട ആറംഗ സംഘമാണ് ഇവിടെയെത്തിയത്. പുറത്ത് പൊലീസ് എത്തിയ വിവരം അറിഞ്ഞ് ജനലിലൂടെ വെടിയുതിർക്കുകയായിരുന്നു ബാബു ഉമ്മൻ.
മൂന്ന് റൗണ്ട് വെടിയുതിർത്തെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ഓടിരക്ഷപ്പെട്ട പ്രതി റോഷനെ കണ്ടെത്താനായിട്ടില്ല. വെടിവയ്പ്പിന്റെ വിവരമറിഞ്ഞ് എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ സാഹസികമായാണ് ബാബു ഉമ്മനെ കീഴടക്കിയത്.
ഇയാൾ ഉപയോഗിച്ച തോക്കിന് ലൈസൻസില്ലെന്ന് എഫ്.ഐ.ആറിൽ പറയുന്നു. പ്രതിക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.