newsdesk
ചാരുംമൂട്: ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. മൊത്തകച്ചവടക്കാർക്കും, ചില്ലറ കച്ചവടക്കാർക്കും വിതരണം ചെയ്തിരുന്ന മുഖ്യ സൂത്രധാരനാണ് ഇയാൾ. നൂറനാട് പുതുപ്പള്ളികുന്നം ഖാൻ മൻസിലിൽ ഷൈജുഖാനെ (ഖാൻ നൂറനാട് -41 ) യാണ് നൂറനാട് എക്സൈസ് പിടികൂടിയത്. ആലപ്പുഴ ജില്ലയിൽ ചാരുംമൂട് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
നിരവധി മയക്കുമരുന്ന് കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതി ആണ് ഖാൻ. മാസങ്ങൾക്ക് മുൻപ് ചാരുംമൂട് കേന്ദ്രികരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന നടത്തിയ ഇയാൾക്ക് എതിരെ എക്സൈസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം രാവിലെ നൂറനാട് എക്സൈസ് ഇൻസ്പെക്ടർ പി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഷൈജുഖാന്റെ നൂറനാട് പുതുപ്പള്ളികുന്നത്തുള്ള വീട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാൾ പിടിയിലായത്.
മാവേലിക്കര താലൂക്കിലെ വിവിധ കോളേജ്, സ്കൂൾ കുട്ടികൾക്കും മറ്റു ചെറുപ്പക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ഷൈജുഖാനാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾ മാസങ്ങളായി എക്സൈസ് ഷാഡോ ടിമിന്റെ നിരീക്ഷണത്തിലായിരുന്നു.
തുടർന്ന് നൂറനാട് പഞ്ചായത്ത് ഇയാളുടെ കട പൊളിച്ചു നീക്കുകയും ചെയ്തിരുന്നു. എക്സൈസ് പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം കെ ശ്രീകുമാർ, കെ സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ജി അശോകൻ, സിനുലാൽ, അരുൺ, പ്രകാശ് ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രവിൺ, അനു, വനിത സിവിൽ എക്സൈസ് ഓഫിസർ വിജയലക്ഷ്മി, എക്സൈസ് ഡ്രൈവർ സന്ദിപ് എന്നിവർ പങ്കെടുത്തു