കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; ഉച്ചയോടെ കോട്ടയത്തേക്ക്;നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കാരം

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ നിന്നും എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അവിടെ നിന്ന് എയർ ആംബുലൻസിലാണ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിച്ചത്.

പത്ത് മണിയോടെ ഇവിടെയെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മന്ത്രിമാരും നേതാക്കളും ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം അൽപസമയത്തിനകം എ.ഐ.ടി.യു.സി ആസ്ഥാനമായ പട്ടത്തെ പി.എസ് സ്മാരകത്തിലെത്തിക്കും. ഇവിടെ ഉച്ചയ്ക്ക് രണ്ട് മണി വരെ പൊതുദർശനത്തിന് വയ്ക്കും. മന്ത്രിമാരും എംഎൽഎമാരും നേതാക്കളും അന്തിമോപചാരം അർപ്പിക്കും.

നേരത്തെ, വിമാനത്താവളത്തിൽ നിന്ന് ആദ്യം ഇടപ്പഴഞ്ഞിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുകയും നേരെ പി.എസ് സ്മാരകത്തിലേക്ക് പൊതുദർശനത്തിന് എത്തിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

ഇവിടുത്തെ പൊതുദർശനത്തിന് ശേഷം പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിൽ വിലാപ യാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷമായിരിക്കും വാഴൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കുക. നാളെ രാവിലെ 11ന് വീട്ടുവളപ്പിലാണ് സംസ്കാരം.

ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ അന്ത്യം. 73 വയസായിരുന്നു. അനാരോഗ്യംമൂലം സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നല്‍കിയിരുന്നു. പിന്നാലെയാണ് മരണം.

error: Content is protected !!