Site icon CTV Online

രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവം; ആള്‍ദൈവം കാളീചരണ്‍ മഹാരാജ് അറസ്റ്റില്‍

Web Desk

രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവത്തില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞയാഴ്ച റായ്പൂരില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് കാളീചരണ്‍ മഹാരാജ് മഹാത്മാഗാന്ധിയെ നിന്ദിക്കുന്ന പ്രസ്താവന നടത്തിയത്. ധരം സന്‍സാദ് സമ്മേളനത്തിനിടെയായിരുന്നു കാളിചരണിന്റെ വിവാദ പരാമര്‍ശം. രാജ്യത്തിന്റെ വിഭജനത്തിന് കാരണമായത് മഹാത്മാഗാന്ധിയാണെന്നും ഗാന്ധിയെ വധിച്ച ഗോഡ്‌സെയെ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു പ്രസംഗം. മുസ്ലിം സമുദായത്തിനെതിരെയും ഇയാള്‍ വിവാദ പ്രസ്താവന നടത്തി. രാഷ്ട്രീയത്തിലൂടെ രാജ്യം പിടിച്ചടക്കാനാണ് ഇസ്ലാം ശ്രമിക്കുന്നതെന്നായിരുന്നു കാളിചരണിന്റെ പരാമര്‍ശം.

സംഭവം വിവാദമായതോടെ റായ്പൂര്‍ മുന്‍ മേയര്‍ പ്രമോദ് ദുബെയാണ് ആള്‍ദൈവത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇതിനിടയിലാണ് അറസ്റ്റ്. വൈകുന്നേരത്തോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും.

Exit mobile version