കാഫിർ വിവാദം; പരസ്യമായി ഖേദം പ്രകടിപ്പിക്കണം, പാറക്കൽ അബ്‌ദുള്ളയ്‌ക്ക് വക്കീൽ നോട്ടീസ് അയച്ച് റിബേഷ്

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ പ്രചരിച്ച കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് ഡിവെെഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് കാണിച്ചാണ് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയ്ക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്.’

താൻ മതസ്‌പർദ്ധ വളർത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന ആളാണെന്ന് ചിത്രീകരിക്കാൻ പാറക്കൽ അബ്ദുള്ള ശ്രമിച്ചെന്നും റിബേഷ് നോട്ടീസിൽ ആരോപിക്കുന്നു. അതിനാൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് നോട്ടീസിലെ ആവശ്യം. കാഫിർ വിവാദവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും റിബേഷ് നോട്ടീസിൽ വ്യക്തമാക്കുന്നു.പാറക്കൽ അബ്ദുള്ളയുടെ വ്യാജ പ്രചാരണത്തിലൂടെ തന്നെ പലരും സംശയത്തോടെ വീക്ഷിക്കുന്നു. നോട്ടീസ് കെെപ്പറ്റി മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും റിബേഷ് വ്യക്തമാക്കി.സംഭവത്തിൽ പാറക്കൽ അബ്ദുള്ളയും പ്രതികരിച്ചിട്ടുണ്ട്. ഹെെക്കോടതിയിൽ സമർപ്പിച്ച പൊലീസ് സത്യവാങ്മൂലത്തിലുള്ള വിവരം മാത്രമാണ് പുറത്തുവന്നതെന്നും അത് വ്യാജമാണ് എന്ന് റിബേഷിന് തോന്നുന്നുവെങ്കിൽ ആഭ്യന്തര മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കുമാണ് വക്കീൽ നോട്ടീസ് അയക്കേണ്ടതെന്നും പാറക്കൽ അബ്ദുള്ള പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!