Site icon CTV Online

കാരശ്ശേരി, വ്യവസായ പാർക്ക് തുടങ്ങാൻ കോടികൾ തട്ടിച്ചതായി പരാതി;സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിക്ഷേപകർ തിരുവമ്പാടി സ്റ്റേഷനിൽ

മുക്കം : വ്യവസായ പാർക്ക് തുടങ്ങാൻ 5 ലക്ഷം രൂപ വീതം ഷെയർ എടുത്തു കോടികൾ തട്ടിച്ചതായി പരാതി;
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിക്ഷേപകർ തിരുവമ്പാടി സ്റ്റേഷനിൽ എത്തി .പാർക്ക് സർക്കാർ സംവിധാനത്തിൽ ആണെന്നും മന്ത്രിയാണ് ഉത്ഘാടനം ചെയ്യുന്നതെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം പിരിച്ചത് .

2019 മുതൽ മുതൽ ആണ് മുക്കം ,കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടിയിൽ 20 ഏക്കർ സ്ഥലത്തു ”ഗ്രീൻ പാർക്ക് ”
എന്ന പേരിൽ വ്യവസായ പാർക്ക് വരുന്നുണ്ടെന്നു പറഞ്ഞു കാരശ്ശേരി മരഞ്ചാട്ടി സ്വദേശി അബ്ദുൽ സലാം എന്നയാൾ പ്രവാസികളിൽ നിന്നടക്കം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും നിരവധി ആളുകളിൽ നിന്നും ഒരു ഷെയറിനു 5 ലക്ഷം രൂപ വീതം വാങ്ങിയെടുത്തത് .

പണം വാങ്ങിയതിന് താത്കാലിക റെസിപ്റ്റ് മാത്രമായിരുന്നു നൽകിയത് .താൽപര്യമില്ലെങ്കിൽ 11 മാസത്തിനു ശേഷം പണം തിരികെ നൽകാം എന്നായിരുന്നു ഇവർ പറഞ്ഞിരുന്നതെന്നു നിക്ഷേപകർ പറയുന്നു.

പണം കൊടുത്ത ശേഷം പിന്നീട് ഇതിന്റെ ഡെവലപ്പ്മെന്റ് ഒന്നും കാണാത്തത് കൊണ്ട് 11 മാസത്തിനു ശേഷം പണം തിരികെ ചോദിച്ചു .പരാതിയുമായി മുൻപോട്ട് വന്ന 7 പേർക്ക് മാത്രം സലാം രണ്ടുമാസത്തെ അവധിവെച്ചു എഗ്രിമെന്റ് ചെയ്‌തെങ്കിലും പണം ലഭിച്ചില്ല .തുടർന്ന് തിരുവമ്പാടി സ്റ്റേഷനിൽ പരാതി നൽകുകയും അതിനു ശേഷം തരാനുള്ള പണത്തിന് വീണ്ടും രണ്ടു മാസം അവധി വെച്ച് ചെക്ക് കൊടുക്കുകയും അത് ബൗൺസ് ആകുകയും ചെയ്തു .

പിന്നീട് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായവരെ കണ്ടെത്തി 40 പേരുള്ള ഒരു ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു .നിലവിൽ വിവിധ സ്റ്റേഷനുകളിൽ പരാതി നല്കിയിട്ടുണ്ടെന്നും എറണാക്കുളം പറവൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ 2023 ൽ ഐപിസി 406,420 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും തട്ടിപ്പിനിരയായ ആളുകൾ പറയുന്നു .

സ്റ്റേഷനുകളിൽ കൊടുത്ത പരാതിക്കൊന്നും നടപടി ഇല്ലാത്തത് കൊണ്ട് ബഡ്‌സ് കോംപിറ്റന്റ്അതോറിറ്റിക്ക് ആക്ഷൻ കമ്മറ്റിയുടെ പേരിൽ പരാതി നൽകുകയും ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയും ചെയ്തു .തുടർന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് പ്രകാരം സലാമിന്റെ സ്വത്തുക്കൾ മരവിപ്പിക്കാൻ ബഡ്‌സ് അതോറിറ്റി ഉത്തരവായതായും എന്നാൽ ഇവർക്കെതിരെ പോലീസൊ ക്രൈം ബ്രാഞ്ചോ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പരാതിക്കാർ പറയുന്നു .

മാത്രവുമല്ല സമാന രീതിയിൽ കാസർകോട് ജില്ലയിൽ വില്ല പ്രൊജക്റ്റ് എന്ന പേരിൽ പുതിയ തട്ടിപ്പ് തുടങ്ങിയതായും ഇവർ പറയുന്നു .

Exit mobile version