
newsdesk
കോഴിക്കോട്∙ റേഷൻകടക്കാർക്ക് അധികവരുമാനവും നാട്ടുകാർക്കു വിലക്കുറവും പ്രഖ്യാപിച്ചു നടപ്പാക്കിയ കെ സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങൾ ഇല്ല. ഇതോടെ കെ–സ്റ്റോർ തുടങ്ങിയ വ്യാപാരികളും വെട്ടിലായി. ശബരി, മിൽമ ഉൽപനങ്ങളും കോമൺ സർവീസ് സെന്ററിന്റെ സേവനവും ചെറുകിട വ്യവസായ യൂണിറ്റുകളിലെ ഉൽപന്നങ്ങളും 5 കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടറുമാണ് ഇപ്പോൾ കെ– സ്റ്റോറുകളിലുള്ളത്. ഇതു തന്നെ പലയിടത്തും നാമമാത്രം.സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് ന്യൂ ജനറേഷൻ റേഷൻ കടകൾ എന്ന വിശേഷണത്തോടെ കെ– സ്റ്റോറുകൾ ആരംഭിച്ചത്.
ജില്ലയിൽ ഇതുവരെ 41 റേഷൻ കടകളാണ് കെ– സ്റ്റോറുകളാക്കി മാറ്റിയത്. ഗ്രാമീണ സ്ഥലങ്ങളിലാണ് കെ– സ്റ്റോറുകൾ തുടങ്ങിയത്. ഓണത്തിനു മുൻപായി 15 എണ്ണം കൂടി തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നു സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു.മുറി വാടകയ്ക്ക് എടുത്തും അധിക ജീവനക്കാരെ വച്ചും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും കെ–സ്റ്റോർ തുടങ്ങിയ വ്യാപാരികളാണു വെട്ടിലായത്. വടകര മണിയൂർതെരുവിൽ ഉണ്ടായിരുന്ന കെ–സ്റ്റോർ തുടങ്ങി അധികം വൈകാതെ തന്നെ പൂട്ടി.പല കെ– സ്റ്റോറുകളുടെയും അലമാര കണ്ടാൽ അറിയാം ഇപ്പോഴത്തെ അവസ്ഥ.
മിൽമ ഉൽപന്നങ്ങളൊന്നും കൂടുതൽ കാലം വയ്ക്കാൻ പറ്റില്ലെന്നും അതിനാൽ വളരെ കുറച്ചേ വിൽപനയ്ക്കു വയ്ക്കാറുള്ളൂ എന്നുമാണു നടത്തിപ്പുകാരും പറയുന്നത്.കെ–സ്റ്റോർ മുഖേന 10,000 രൂപ വരെയുളള ബാങ്കിങ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ആളുകൾ എത്തുന്നതു കുറവാണ്.സമീപത്ത് സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ളപ്പോൾ ആളുകൾ പണമിടപാടിനായി ഇവിടേക്കു വരുന്നില്ലെന്നാണ് കടക്കാർ പറയുന്നത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനു ചെലവഴിച്ച തുകയ്ക്ക് അനുസരിച്ചുള്ള വരുമാനം പോലും ലഭിക്കാത്ത സാഹചര്യവും നടത്തിപ്പുകാർ പങ്കുവയ്ക്കുന്നു.