
Report: Web Desk
ജോസ് കെ മാണി കാണിച്ചത് രാഷ്ട്രീയവഞ്ചനയാണെന്നും, മാണിയുടെ ആത്മാവിനെ ചതിച്ചുവെന്നും” രമേശ് ചെന്നിത്തല.ഇടത് മുന്നണിയിലേക്ക് ഉപാധികളില്ലാതെ പോകുന്നുവെന്നും,എംപി സ്ഥാനം രാജി വയ്ക്കുന്നുവെന്നും പ്രഖ്യാപിച്ച ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജോസ് കെ മാണി ചെയ്തത് രാഷ്ട്രീയ വഞ്ചനയാണ്. കെ എം മാണിയുടെ ആത്മാവിനെ ചതിക്കുകയായിരുന്നു ജോസ് കെ മാണി. ജോസ് ഞങ്ങളെ പിന്നിൽ നിന്ന് കുത്തി. ജോസ് കെ മാണിയുടെ അപക്വമായ നിലപാടുകൾ കൊണ്ടാണ് പാലാ തെരഞ്ഞെടുപ്പിൽ തോറ്റതെന്നും ചെന്നിത്തല തുറന്നടിച്ചു.‘
കെ എം മാണിയെ കള്ളനെന്ന് വിളിക്കുകയും വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് പറഞ്ഞ് അപമാനിക്കുകയും ചെയ്തവരാണ് ഇടതുമുന്നണിയിലുള്ളവർ. എല്ലാ രാഷ്ട്രീയമര്യാദകളും ലംഘിച്ചാണ് ഇടതുമുന്നണി കെ എം മാണിക്ക് എതിരെ കള്ളപ്രചാരണം നടത്തിയത്. അവർക്കൊപ്പം പോകുന്നതിലൂടെ കെ എം മാണി നടത്തിയത് രാഷ്ട്രീയവഞ്ചനയാണ്. ”ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ ഇടത് മുന്നണി സഭയിൽ ചെയ്തത് ഓർമയില്ലേ? കെ എം മാണിയെ നിയമസഭയിൽ അപമാനിച്ചത് ഇടത് മുന്നണിയാണ്. എന്നിട്ടും അവർക്കൊപ്പം അദ്ദേഹത്തിന്‍റെ മകൻ പോകാൻ തീരുമാനിക്കുന്നു. ഇതെന്ത് തരം രാഷ്ട്രീയമാണ്? ഇടതുമുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തം ഇതിലൂടെ പുറത്തുവരികയാണ്. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയും. പറയുന്ന കാര്യങ്ങളിൽ ഇടതുമുന്നിക്ക് ആത്മാർത്ഥതയില്ല. മുങ്ങുന്ന കപ്പലാണ് എൽഡിഎഫ്”, എന്ന് ചെന്നിത്തല ആഞ്ഞടിക്കുന്നു.
പത്ത് മുപ്പത്തിയഞ്ച് വർഷക്കാലം യുഡിഎഫിനൊപ്പം അനിഷേധ്യനായി നിന്ന നേതാവാണ് കെ എം മാണി. അദ്ദേഹത്തിനൊരു പ്രശ്നം വന്നപ്പോൾ നെഞ്ചുംകൊടുത്ത് കൂടെ നിന്നത് കേരളത്തിലെ യുഡിഎഫ് പ്രവർത്തകരാണ്. എല്ലാ തരത്തിലും മാണിസാറിന് പ്രതിരോധം തീർത്തത് യുഡിഎഫുകാരാണ്. എന്നും യുഡിഎഫിനൊപ്പം നിൽക്കാനാണ് കെ എം മാണി ആഗ്രഹിച്ചത്. ആ ആഗ്രഹത്തിന് എതിരായാണ് ഇപ്പോൾ ജോസ് കെ മാണി മറുകണ്ടം ചാടിയിരിക്കുന്നത്. നേരത്തേതന്നെ ജോസ് കെ മാണി ഇടതുബാന്ധവം സ്വപ്നം കണ്ടിരുന്നെന്ന് ചെന്നിത്തല ആരോപിക്കുന്നു. ”ഇടയ്ക്ക് കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് സ്ഥാനം നൽകേണ്ടി വന്നപ്പോൾ, ഇടതുമുന്നണിയുമായി കൂട്ടുകൂടിയത് മറക്കരുത്. അന്ന് മുതൽ തന്നെ ഇടതുമുന്നണിയുമായി ജോസ് കെ മാണി ബന്ധം സ്വപ്നം കണ്ടിരുന്നു”വെന്ന് ചെന്നിത്തല.
