തട്ടിക്കൊണ്ടുപോകല്‍ കേസില്‍ താന്‍ നിരപരാധിയെന്ന് ജിം ഷാജഹാന്‍; വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍

കൊല്ലം ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിച്ച ആളുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തിയതിന് പിന്നാലെ ഷാജഹാന്റെ വീട് തല്ലിപ്പൊളിച്ച് നാട്ടുകാര്‍. കേസുമായി തനിക്കൊരു പങ്കുമില്ലെന്നും താന്‍ നിരപരാധിയാണെന്നും ഷാജഹാന്‍ പറഞ്ഞു

ഇന്നലെയും ഷാജഹാനാണ് കേസിലെ പ്രതിയെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. അറസ്റ്റിലായ പ്രതിയെന്ന പേരില്‍ ഷാജഹാന്റെ പേരും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വ്യാജ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ ഷാജഹാന്‍ കുണ്ടറ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. തന്റെ ഫോണിപ്പോള്‍ പൊലീസ് പരിശോധനയില്‍ ആണെന്നും ജിം ഷാജഹാന്‍ പ്രതികരിച്ചു.

ഇന്നലെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതോടെ ഷാജഹാനെ തേടി നാട്ടുകാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് വാതിലും ജനല്‍ച്ചില്ലുകളും തല്ലിത്തകര്‍ത്തു. ഈ സമയം ഷാജഹാന്‍ കുണ്ടറ സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. ഷാജഹാന്റെ ഫോണ്‍ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപെടാന്‍ സഹായിക്കുമെന്നും കുണ്ടറ പൊലീസ് പറഞ്ഞു.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന സംശയത്തിലാണ് പൊലീസ്. കുട്ടിയെ ആശ്രാമം മൈതാനത്തിന്റെ പരിസരത്ത് കാറിലെത്തിക്കുകയും പിന്നീട്
മൈതാനത്തിന്റെ പരിസരത്ത് നിന്ന് ഓട്ടോയില്‍ കയറിയെന്നുമാണ് സൂചന.
കാര്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കുട്ടി പറഞ്ഞ നീല കാറിനെപ്പറ്റിയും പൊലീസ് അന്വേഷിക്കും.

error: Content is protected !!