Site icon CTV Online

തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടു; കേരള മുഖ്യമന്ത്രി ആരെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ആരാണെന്നറിയാൻ ഇനിയും കാത്തിരിക്കണം. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും തീരുമാനമാകാത്തതിൽ ഘടകകക്ഷികൾക്കിടയിലും അണികൾക്കിടയിലും കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ തുടരുന്നതിനാലാണ് തീരുമാനം വൈകുന്നത്. എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെങ്കിലും, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.

15-ാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ അടിയന്തരമായി ഒരു തീരുമാനത്തിൽ എത്തേണ്ടത് അനിവാര്യമാണ്. ദേശീയതലത്തിൽ ഈ കാലതാമസം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നു എന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാവുകയും മറ്റുള്ളവർക്ക് പ്രധാന വകുപ്പുകൾ നൽകുകയും ചെയ്യുക എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ പ്ലാൻ. എന്നാൽ, വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സഹകരിക്കില്ലെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കിയത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഹൈക്കമാൻഡ് നിർദേശിച്ച പല ഒത്തുതീർപ്പ് ഫോർമുലകളും നിലവിൽ ഫലം കണ്ടിട്ടില്ല. മുതിർന്ന നേതാവ് എന്ന പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല. ഇന്ന് വൈകിട്ടോ നാളെയോ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചർച്ച ചെയ്ത് ഒരു അന്തിമ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version