newsdesk
തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നവരെ പിടികൂടി ശിക്ഷിക്കുന്നതോടെ അവസാനിക്കുന്നതല്ല അഴിമതിക്കെതിരെയുള്ള പോരാട്ടമെന്നും അഴിമതി നടത്താനുള്ള മനോഭാവം ഇല്ലാതാക്കുക എന്നതും പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനതപുരത്തെ വിജിലൻസ് ആസ്ഥാനത്ത് നടന്ന വിവിധ വകുപ്പുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാരുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണമികവ് തെളിയിച്ച വിജിലൻസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ചടങ്ങിൽ ബാഡ്ജ് ഓഫ് ഓണർ വിതരണം ചെയ്തു.
അഴിമതി എന്ന സാമൂഹ്യവിപത്തിനെ ഇല്ലാതാക്കാനുള്ള നിരന്തരമായ ബോധവത്ക്കരണം സർക്കാർ സർവീസിലേക്ക് പ്രവേശിക്കുന്ന ഘട്ടം മുതൽ സർവ്വീസിന്റെ അവസാന ഘട്ടം വരെ ജീവനക്കാർക്ക് ലഭിക്കണം. അങ്ങനെ ജീവനക്കാരുടെ മനോഭാവത്തിൽ തന്നെ അഴിമതിവിരുദ്ധമായ ഒരു കാഴ്ചപ്പാട് വളർത്തിയെടുക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള സാമൂഹിക പ്രതിബദ്ധത രൂപപ്പെടുത്തുന്നതിന് ഉതകുന്ന നിർദ്ദേശങ്ങൾ വിജിലൻസിന്റെ ഭാഗത്തുനിന്നും ഉണ്ടാകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിയുടെ കാര്യത്തിൽ ചെറുതും വലുതുമെന്ന താരതമ്യമേ ആവശ്യമില്ല. അഴിമതിക്ക് കൂട്ടുനിൽക്കുന്നതും അതിനായി പ്രേരിപ്പിക്കുന്നതും അഴിമതി തന്നെയാണ്. അത്തരക്കാർക്കെതിരെ ഒരു മൃദുസമീപനവും നിങ്ങൾ സ്വീകരിക്കേണ്ടതില്ല. ഇക്കാര്യത്തിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ വിജിലൻസിന് കഴിയണം. അഴിമതി ഒരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ്. നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുന്ന വിപത്താണ് അഴിമതിയെന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഈ കാഴ്ചപ്പാടോടെ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജിലൻസിന്റെ ബാഡ്ജ് ഓഫ് ഓണറിന്അർഹരായ ഉദ്യോഗസ്ഥർക്ക് ലഭിച്ച അംഗീകാരം മറ്റുള്ളവർക്ക്കൂടി പ്രചോദനമായിത്തീരട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഡി.ജി.പി. & ഡയറക്ടർ വി.എ.സി.ബി.(കേരളം) യോഗേഷ് ഗുപ്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ്, വിജിലൻസ് ഉദ്യോഗസ്ഥർ, മെഡൽ ജേതാക്കളുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു