
newsdesk
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. രണ്ടുദിവസത്തെ വർധനയ്ക്കു പിന്നാലെ സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 2,360 രൂപ കുറഞ്ഞ് 91,360 രൂപയായി. ഗ്രാമിന് 295 രൂപ കുറഞ്ഞ് 11,420 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില വീണ്ടും താഴ്ന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16,000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയ സ്വർണവില പിന്നീട് രണ്ടുദിവസംകൊണ്ട് ഏകദേശം 2,000 രൂപ തിരിച്ചുകയറിയിരുന്നു. എന്നാൽ ഈ വർധനയ്ക്ക് പിന്നാലെയാണ് ഇന്ന് വീണ്ടും വലിയ ഇടിവുണ്ടായത്. ഈ മാസം 17-നാണ് ഒരിടവേളയ്ക്കുശേഷം സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തിയത്.
18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. പവന് 1,920 രൂപ കുറഞ്ഞ് 74,760 രൂപയായി. ഗ്രാമിന് 240 രൂപ കുറഞ്ഞ് 9,345 രൂപയിലാണ് 18 കാരറ്റ് സ്വർണത്തിന്റെ വ്യാപാരം.ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23-നാണ് ഒരു പവൻ സ്വർണത്തിന്റെ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
ഡോളർ ശക്തിയാർജിച്ചതും അമേരിക്കൻ കേന്ദ്രബാങ്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയെ സ്വാധീനിച്ചത്. ആഗോള വിപണിയിലെ എണ്ണവിലയിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണവിലയുടെ ചലനത്തെ ബാധിക്കുന്നുണ്ട്.
