newsdesk
അപ്രതീക്ഷിതമായിട്ടാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്. ലോകത്തെ ഏറ്റവും ശക്തമായ സൈനിക സംവിധാനവും അതിര്‍ത്തി സുരക്ഷയുമുണ്ടെന്ന് കരുതപ്പെടുന്ന രാജ്യമാണ് ഇസ്രായേല്‍. പലസ്തീനിലെ ഗാസ എന്ന തീരപ്രദേശത്ത് മാത്രം സ്വാധീനമുള്ള സംഘമാണ് ഹമാസ്. എന്നാല്‍ ഹമാസിന്റെ ആദ്യ നീക്കം ഇസ്രായേലിനെ ശരിക്കും ഞെട്ടിച്ചു. ശക്തമായ പ്രത്യാക്രമണം ഇസ്രായേലും നടത്തി
കരയിലൂടെയും കടലിലൂടെയും ആകാശ മാര്‍ഗവുമാണ് ഹമാസ് ഒരേ സമയം ആക്രമണം തുടങ്ങിയത്. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഹമാസിന്റെ നീക്കം എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഇത് നേരത്തെ അറിയാന്‍ സാധിക്കാത്തത് ഇസ്രായേല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് ഇടയാക്കിയേക്കും. അതിര്‍ത്തിയില്‍ മിസൈല്‍ പ്രതിരോധ കവചം സ്ഥാപിച്ചിട്ടുണ്ടെങ്കിലും 5000 മിസൈലുകളാണ് ഗാസയില്‍ നിന്ന് ഇസ്രായേലിലേക്കെത്തിയത്.
അധിനിവേശ രാജ്യമായ ഇസ്രായേലിനെതിരായ ആക്രമണം പ്രതിരോധത്തിന്റെ ഭാഗമാണ് എന്ന് പലസ്തീന്‍ നേതാക്കള്‍ പറയുന്നു. ഹമാസിനെ പിന്തുണച്ചാണ് ഇറാന്‍ രംഗത്തുവന്നിട്ടുള്ളത്. എല്ലാവരും സമാധാനത്തിന്റെ പാത സ്വീകരിക്കണം എന്ന് തുര്‍ക്കിയും ഈജിപ്തും ആവശ്യപ്പെട്ടു. അതേസമയം, ഹമാസ് നടപടിയെ യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനും അപലപിച്ചു.
പശ്ചിമേഷ്യയില്‍ രക്തച്ചൊരിച്ചിലിന്‍റെ ദിനങ്ങളാണ് . ഹമാസ് നടത്തിയ കൂട്ടക്കുരുതിക്ക് ഇസ്രയേല്‍ സൈന്യത്തിന്റെ തിരിച്ചടി. ഒരു നാടിനെ ഭൂപടത്തില്‍നിന്ന് തുടച്ചുനീക്കാന്‍ മാത്രം കരുത്തുറ്റതാണത്. ഗാസ വിലാപഭൂമിയായി. റോക്കറ്റുകളുടെ പെരുമഴ തെരുവുകളില്‍ ചോര നിറയ്ക്കുന്നു. നിരപരാധികളായ ആയിരങ്ങള്‍ നിസഹായരായി നില്‍ക്കുന്നു. ആരാണ് അക്രമിയെന്നോ ആരാണ് ഇരയെന്നോ വേര്‍തിരിച്ചെടുക്കാന്‍ പ്രയാസമാണ്.
ശനിയാഴ്ച ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ വിറച്ചെങ്കില്‍ ഇന്ന് അവിടം ഏറെക്കുറെ ശാന്തമാണ്. രാജ്യത്ത് നുഴഞ്ഞുകയറിയ ഹമാസ് സായുധസംഘത്തെ ഏറെക്കുറെ തുരത്തി, അല്ല ഇല്ലാതാക്കി. 1500 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചത്. ഇനിയാരെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ അവരുടെ നിമിഷങ്ങളും എണ്ണപ്പെട്ടതാണ്. ഗാസ അതിര്‍ത്തിയിലെ നിയന്ത്രണവും പൂര്‍ണമായി തിരിച്ചുപിടിച്ചു. ഇനിയൊരു നുഴഞ്ഞുകയറ്റത്തിന് ഇടയില്ലെന്ന് വ്യക്തം. ഇപ്പോള്‍ യുദ്ധം ഗാസയുടെ മണ്ണിലാണ്. ഹമാസിന്റെ ക്രൂരതയ്ക്ക് ഇസ്രയേല്‍ അതേ നാണയത്തില്‍ അല്ലെങ്കില്‍ അതിലേറെ ശക്തമായി തിരിച്ചടിക്കുന്നു. ദിവസവും ആയിരക്കണക്കിന് റോക്കറ്റുകളാണ് വര്‍ഷിക്കുന്നത്. . ഹമാസിന്റെ പ്രധാന കെട്ടിടങ്ങളെല്ലാം തകര്‍ന്ന് തരിപ്പണമായി. ഒട്ടേറെ നേതാക്കളും ഇല്ലാതായി. യുദ്ധം വേഗത്തില്‍ അവസാനിക്കാന്‍ സാധ്യത കുറവാണ്.
ഇതാണ് യുദ്ധത്തിലേക്ക് നയിച്ച ആ കാരണങ്ങള്‍
മൂന്ന് കാരണങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന് അല്‍ ജസീറ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന ആക്രമണമാണ് ഒരു കാരണം. കഴിഞ്ഞ ദിവസം നാല് പലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ കൊലപ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തിനിടെ 250ഓളം പലസ്തീന്‍കാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
മുസ്ലിങ്ങള്‍ വളരെ പ്രാധാന്യത്തോടെ കാണുന്ന ജറുസലേമിലെ അല്‍ അഖ്‌സ പള്ളിക്ക് നേരെ ജൂതര്‍ നടത്തുന്ന ആക്രമണം പതിവായതാണ് മറ്റൊരു കാരണം. കഴിഞ്ഞ എട്ട് മാസത്തിനിടെ പ്രതിദിനം മൂന്ന് തവണ പലസ്തീന്‍കാര്‍ക്ക് നേരെ ആക്രമണം നടക്കുന്നു എന്നാണ് യുഎന്‍ പുറത്തുവിട്ട കണക്ക്. ഹമാസ് പുതിയ ആക്രമണത്തിന് പേരിട്ടിരിക്കുന്നത് അല്‍ അഖ്‌സ ഫ്‌ളഡ് എന്നാണ്.
15 വര്‍ഷമായി ഇസ്രായേല്‍ ഉപരോധം തുടരുന്ന പ്രദേശമാണ് ഗാസ. കഴിഞ്ഞ മാസം മുതല്‍ ഇവിടെയുള്ള തൊഴിലാളികളെ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം തടയുന്നത് ശക്തമാക്കി. ഇത് വലിയ പ്രതിഷേധത്തിനും സമരത്തിനും ഇടയാക്കിയിരുന്നു. അക്രമത്തിലേക്കും നയിച്ചു. രമ്യമായ പരിഹാരത്തിന് ഖത്തര്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതും ഇസ്രായേല്‍ പ്രത്യാക്രമണം നടത്തുന്നതും.