
Web Desk
കനത്ത യുദ്ധം നടക്കുന്ന യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. യാത്രയ്ക്ക് സജ്ജമാകാൻ സുമിയിൽ കുടുങ്ങിയവർക്ക് നിർദേശം നൽകി. വിദേശകാര്യമന്ത്രാലയത്തിന്റെ സന്ദേശം ലഭിച്ചതായി ഹോസ്റ്റർ കെയർടേക്കർമാർ അറിയിച്ചു.
അതേസമയം, ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ എല്ലാമാർഗവും തേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. എല്ലാവരെയും തിരിച്ചെത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.ഇതിനിടെ, സൈന്യം അധിനിവേശം തുടരുന്ന യുക്രെയ്നിൽ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നു റഷ്യ അറിയിച്ചു. മാനുഷിക പരിഗണന നൽകുമെന്നും യുക്രെയ്നിലെ ഇന്ത്യക്കാർക്ക് സുരക്ഷിത പാത ഉറപ്പാക്കുമെന്നും റഷ്യൻ സ്ഥാനപതി വ്യക്തമാക്കി. യുഎന്നിലെ നിഷ്പക്ഷ നിലപാട് തുടരണമെന്നും റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടു.
റഷ്യയോടു ചേർന്ന കിഴക്കൻ യുക്രെയ്നിലെ ഹർകീവ്, സുമി നഗരങ്ങളിൽ മലയാളികളുൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണു കുടുങ്ങിക്കിടക്കുന്നത്. ഇവരെ റഷ്യൻ അതിർത്തി വഴി പുറത്തെത്തിക്കാനുള്ള സാധ്യത ഇന്ത്യയിലെ റഷ്യ, യുക്രെയ്ൻ സ്ഥാനപതിമാരുമായി വിദേശകാര്യ സെക്രട്ടറി ഹർഷ്‍വർധൻ ശൃംഗ്ല ചർച്ച ചെയ്തിരുന്നു.
