
newsdesk
സ്ത്രീകളിലെ ക്യാന്‍സര്‍ പ്രതിരോധത്തിനുള്ള വാക്‌സിന്‍ ആറുമാസത്തിനകം പുറത്തിറങ്ങും. വാക്‌സിന്‍ നിര്‍മാണത്തിന്റെ അവസാനഘട്ടം പൂര്‍ത്തിയായി വരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രാരംഭഘട്ടത്തില്‍ വായ, ഗര്‍ഭാശയം, മാറിടം എന്നിവിടങ്ങളിലെ ക്യാന്‍സര്‍ ചെറുക്കാനുള്ള വാക്‌സിനുകളാണ്പുറത്തിറക്കുന്നത്.
ഒന്‍പതു വയസ്സ് മുതല്‍ 16 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ ക്യാന്‍സര്‍ വാക്‌സിനേഷന്‍ നടത്താനുദ്ദേശിക്കുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ-ആയുഷ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ പ്രകാരം രാജ്യത്ത് ക്യാന്‍സര്‍ ബാധിച്ചവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ക്യാന്‍സര്‍ വാക്‌സിനുള്ള ഗവേഷണം ആരംഭിച്ചത്.
അടുത്തിടെ റഷ്യ, ക്യാന്‍സര്‍ വാക്‌സിന്‍ കണ്ടുപിടിക്കുകയും അവിടെ വാക്‌സിന്‍ സൗജന്യമായി വിതരണം നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കിടയിലുള്ള ക്യാന്‍സര്‍ സാധ്യത നേരത്തേതന്നെ കണ്ടുപിടിക്കാന്‍ 30 വയസ്സിന് മുകളിലുള്ള വനിതകള്‍ക്ക് ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുമുണ്ട്.
നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങളെ ആയുഷ് വിഭാഗം ചികിത്സാ സൗകര്യങ്ങളുള്ള കേന്ദ്രങ്ങളാക്കി മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങളും തുടങ്ങിക്കഴിഞ്ഞു. ജില്ലാ കേന്ദ്രങ്ങളില്‍ ആയുഷ് സംവിധാനങ്ങളുള്ള ആശുപത്രികള്‍ ആളുകള്‍ ഇപ്പോള്‍തന്നെ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട് . ആയുഷ് സൗകര്യമുള്ള 12,500 ആശുപത്രികളാണ് ഇന്ത്യയിലുള്ളത്. ക്രമേണ അതിന്റെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
