
newsdesk
കോഴിക്കോട്: നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് മേഖലയെ സംരക്ഷിക്കുക, മിനിമം ബസ് ചാര്‍ജ് കൂട്ടുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കുകള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതുമൂലം സ്വകാര്യ ബസ് മേഖലയ്ക്ക് വന്‍ നഷ്ടമാണ് നേരിട്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സികള്‍ വ്യാപകമായ റൂട്ടില്‍ സ്വകാര്യ ബസില്‍ സ്ത്രീ യാത്രക്കാരേ ഇല്ലെന്ന സ്ഥിതിയായി. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് നഷ്ടപരിഹാരവും യാത്രാനിരക്ക് വര്‍ധനവും നടപ്പിലാക്കണമെന്നുമാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
ആദ്യ ഘട്ടമായി ഒക്ടോബര്‍ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേര്‍ന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ഒക്ടോബര്‍ അവസാനത്തോടെ നിരാഹാര സമരവും സംഘടിപ്പിക്കാനാണ് തീരുമാനം. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ മറ്റ് ബസ് സംഘടനകളുടെ കൂടി പിന്തുണയോടെ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
