കഴിഞ്ഞ 8 വർഷത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 7 പേർ; 30 വർഷത്തിനിടെ കൊല്ലപ്പെട്ടത് 116 പേർ

എട്ട് കൊല്ലത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് ആളുകൾ. വാകേരി സ്വദേശി പ്രജീഷാണ് ഏറ്റവും അവസാനത്തെ ഇര. മുപ്പത് കൊല്ലത്തിന്റെ വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 116 പേർക്ക് ജീവൻ നഷ്ടമായി. വയനാട് ചുരത്തിൽ പോലും അടുത്തിടെ കടുവയെ കണ്ടു.

2015 ഫെബ്രുവരി 10ന് നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കുത്തി കുന്നിൽ ഭാസ്‌കരൻ എന്ന അറുപത്തിയാറുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതേവർഷം ജൂലൈയിൽ കുറിച്യാട് വനഗ്രാമത്തിൽ ബാബുരാജ് എന്ന ഇരുപത്തിമൂന്നുകാരൻ, നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ വനം വകുപ്പ് വാച്ചർ, കക്കേരി കോളനിയിലെ ബസവ എന്ന 44കാരൻ എന്നിവരും കൊല്ലപ്പെട്ടു. 2019 ഡിസംബർ 24ന് ബത്തേരി, പച്ചാടി, കാട്ടുനായ്ക്കർ കോളനിയിലെ 60 കാരനായ ജഡയൻ എന്ന മാസ്തിയും കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2020 ജൂൺ 16ന് ബസവൻ കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാർ എന്ന യുവാവും കടുവക്കിരയായി.

ഈ വർഷം ഇത് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി പന്ത്രണ്ടിന് പുതുശ്ശേരി വെള്ളാനംകുന്ന് പള്ളിപ്പുറത്ത് തോമസ് എന്ന അൻപതുകാരൻ മരിച്ചിരുന്നു. ഇപ്പോൾ മുപ്പത്തിയാറ് വയസ്സുള്ള ക്ഷീരകർഷകൻ പ്രതീഷും. മുപ്പത് വർഷം കൊണ്ട് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 116 പേരെന്നാണ് കണക്ക്.

തൊണ്ടർനാട് പുതുശ്ശേരിയിൽ തോമസിന്റെ മരണശേഷമുണ്ടായ പ്രതിഷേധത്തെ തുടർന്ന് വനംവകുപ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ കഴിഞ്ഞ മാർച്ചിൽ സമർപ്പിച്ചതാണ്. എങ്ങുമെത്തിയില്ല നടപടികൾ. വനമേഖല, തേക്കിൻ തോട്ടങ്ങൾക്കും, യൂക്കാലികൾക്കും സെന്ന പോലുള്ള അധിനിവേശ സസ്യങ്ങൾക്കും വഴിമാറിയതോടെ ഭക്ഷണം തേടി വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്ത ഫലവും പേറേണ്ട ഗതികേടിലാണ് വയനാടൻ കർഷകർ. ജില്ലയിൽ ഇരുപത്തിയാറ് തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപതിടങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. കാട്ടാനകളെയും കടുവാ, പുലി, പന്നികളടക്കമുള്ള വന്യജീവികളെയും ഭയന്ന് പകൽ പോലും പുറത്തിറങ്ങാൻ ഭയക്കുന്ന ഗതികേടിലേക്കാണ് വയനാടൻ ജനത നീങ്ങുന്നത്.

error: Content is protected !!