
newsdesk
കോഴിക്കോട്: ഇറാന്‍-ഇസ്രയേല്‍-യു.എസ് യുദ്ധം കേരളത്തില്‍ വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കാരണം വലിയൊരു വിഭാഗം മലയാളികള്‍ ജോലി ചെയ്യുന്ന മേഖലയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ആധിയും നാട്ടിലേക്ക് വരാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ക്ക് അതിന് സാധിക്കാത്തതുമെല്ലാം പല കുടുംബങ്ങളെയും വിഷമത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ മാനസികമായി മാത്രമല്ല, സാമ്പത്തികമായും കേരളത്തെ ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാനമായും വിമാനത്താവളങ്ങളെ ആശ്രയിച്ചു തൊഴിലെടുക്കുന്ന തൊഴിലാളികളെയാണ് യുദ്ധം ആദ്യഘട്ടത്തില്‍ ബാധിച്ചിട്ടുള്ളത്.
വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനാല്‍ എയര്‍പോര്‍ട്ട് ടാക്‌സികള്‍ക്ക് ആവശ്യക്കാര്‍ ഗണ്യമായി കുറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ 230 അംഗീകൃത ടാക്‌സികളുണ്ട്. ഒരേസമയം 115 ടാക്‌സികളാണ് സര്‍വീസിനുണ്ടാകുക. സാധാരണ നിലയില്‍ ദിവസം ശരാശരി രണ്ട് ഓട്ടം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ടുദിവസത്തിലൊരിക്കല്‍ ഒരു ഓട്ടം എന്ന അവസ്ഥയായെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
സാധാരണ നിലയില്‍ നോമ്പ് പെരുന്നാള്‍ ആഘോഷങ്ങളും വിവാഹ സീസണുമെല്ലാം മധ്യവേനലവധി തുടങ്ങുന്നതിന് തൊട്ടടുത്ത സമയവുമൊക്കെ ആയതിനാല്‍ മാര്‍ച്ചില്‍ പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലെത്തുന്ന സമയമാണ്. എന്നാല്‍ നിലവില്‍ ആഭ്യന്തര യാത്രക്കാരുടെ ഓട്ടം മാത്രമാണുള്ളത്. വിമാനത്താവള പരിസരത്തെ ഓട്ടോ ഡ്രൈവര്‍മാരുടെയും അവസ്ഥ ഇതുതന്നെയാണ്.
ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല തൊഴില്‍ നഷ്ടപ്പെട്ടത്. പഴം പച്ചക്കറി കയറ്റുമതി നിശ്ചലമായതിനാല്‍ ഈ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലില്ലാതായി. മൂന്നൂറിലേറെ പേര്‍ നേരിട്ട് ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കോവയ്ക്ക്, മുരിങ്ങ, കൊത്തമര, ഇടിച്ചക്ക, ചക്ക, വെളളരി തുടങ്ങിയവ കരിപ്പൂരില്‍ നിന്നും സൗദി, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കരിപ്പൂരില്‍ നിന്നും കയറ്റുമതി ചെയ്യാറുണ്ട്. എന്നാല്‍ വിമാന സര്‍വ്വീസുകള്‍ നിലച്ചതോടെ കയറ്റുമതിയും നിലച്ചു. നേരത്തെ ശേഖരിച്ച സാധനങ്ങള്‍ വരെ കുറഞ്ഞ വിലയ്ക്ക് ഇവിടുത്തെ മാര്‍ക്കറ്റില്‍ തന്നെ വില്‍ക്കേണ്ടിവന്നെന്നാണ് കയറ്റുമതി കമ്പനികള്‍ പറയുന്നത്.
