NEWSDESK
ന്യൂഡൽഹി: രാജ്യത്ത് ഡോക്ടർമാരുടെ സമരം. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് സമരം പ്രഖ്യാപിച്ചത്. അടിയന്തര സേവനം മാത്രമാണ് ഇന്ന് ആശുപത്രികളിൽ ലഭ്യമാകുക. കേരളത്തിലും ഡോക്ടർമാർ സമരത്തിലാണ്.
മെഡിക്കൽ പിജി അസോസിയേഷൻറെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സർക്കാർ/ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും. തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡെന്റൽ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെ ആറുമണിവരെയാണ് പണിമുടക്ക്. സമരത്തോട് കെജിഎംഒഎയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ. വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. അതേസമയം, അത്യാഹിത വിഭാഗങ്ങൾ പ്രവർത്തിക്കും.