
newsdesk
കോഴിക്കോട്: രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപാസില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ് തുടങ്ങും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നാളെ രാവിലെ എട്ട് മണിമുതലാണ് ടോൾ പിരിവ് തുടങ്ങുക. ടോള്‍പിരിവിനുള്ള എല്ലാ സംവിധാനങ്ങളും തയ്യാറായതായി ദേശീയപാത അതോറിറ്റി പ്രോജക്‌ട് ഡയറക്ടര്‍ പ്രശാന്ത് ദുബെ അറിയിച്ചു.
ടോള്‍പിരിവില്‍ ഒട്ടേറെ ഇളവുകളുണ്ട്. മൂവായിരം രൂപയുടെ ഫാസ്ടാഗ് എടുത്താല്‍ ഒരു വർഷം 200 യാത്രകള്‍ നടത്താം. ടോള്‍പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് നല്‍കുന്നുണ്ട്. ചൊവ്വാഴ്ച 25 പാസുകള്‍ നല്‍കിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയില്‍ ടോള്‍നിരക്കില്‍ 25 ശതമാനം കിഴിവുണ്ട്.
ഒരു മാസം അന്‍പത് തുടര്‍ച്ചയായ യാത്ര നടത്തുന്ന വാഹനത്തിന് ടോള്‍നിരക്കില്‍ 33 ശതമാനവും കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത നാഷണല്‍ പെര്‍മിറ്റ് അല്ലാത്ത കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 50 ശതമാനവും ഇളവുണ്ട്. 28.4 കിലോമീറ്ററാണ് കോഴിക്കോട് ബൈപ്പാസ്.
