
NEWSDESK
ചാവക്കാട്: ആശുപത്രിയിൽ നിന്ന് രോഗിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കാലിൽനിന്ന് പാദസരം മോഷ്ടിച്ച പ്രതി പെരിന്തൽമണ്ണ പട്ടിക്കാട് പാറയിൽ വീട്ടിൽ അബ്ബാസ് എന്ന ഡോക്ടർ അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആശുപത്രികളിൽ കയറി മോഷണം പതിവാക്കിയ ആളാണ് അബ്ബാസെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മാസം രണ്ടിനാണ് ഇയാൾ രോഗിയുടെ കാലിൽനിന്ന് പാദസരം മോഷ്ടിച്ചത്.താൻ ആശുപത്രി ജീവനക്കാരനാണെന്ന് രോഗികളോടും കൂട്ടിരുപ്പുകാരോടും പരിചയപ്പെടുത്തിയാണ് ഇയാൾ മോഷണത്തിന് കളമൊരുക്കുന്നത്. ചാവക്കാട് എസ്.ഐ സെസിൽ കൃസ്ത്യൻ രാജിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ വിനോദ്, അനസ്, അഖിൽ അർജുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്