Site icon CTV Online

സീൽ ചെയ്ത ബാലറ്റ് പെട്ടികളായി; ഹോം വോട്ടിങ് പരാതിയിൽ പരിഹാര നടപടി

കോഴിക്കോട് ∙ ഹോം വോട്ടിങ് സംവിധാനത്തിൽ വീട്ടിലിരുന്നു രേഖപ്പെടുത്തിയ വോട്ടുകൾ അടങ്ങിയ ബാലറ്റുകൾ ശേഖരിക്കാൻ രണ്ടാം ദിവസം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സീൽ ചെയ്ത ഇരുമ്പു പെട്ടികൾ ഏർപ്പെടുത്തി. സീൽ ചെയ്ത പെട്ടികൾ വേണമെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം ജില്ലയിൽ ഹോം വോട്ടിങ് സംവിധാനം ആരംഭിച്ച ആദ്യ ദിവസം ഉദ്യോഗസ്ഥർ നടപ്പാക്കാത്തതു വിവാദമായിരുന്നു. ബാലറ്റുകൾ സീൽ ചെയ്യാത്ത ഇരുമ്പു പെട്ടികളിലാക്കിയതു ജില്ലയിൽ പലയിടത്തും പ്രതിഷേധത്തിനുമിടയാക്കി.

സംഘർഷസാധ്യത മനസ്സിലാക്കി നടുവണ്ണൂരിൽ പോളിങ് ഉദ്യോഗസ്ഥസംഘത്തെ എആർഒ തിരിച്ചുവിളിച്ചിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെത്തന്നെ ബാലറ്റ് പെട്ടികൾ സീൽ ചെയ്തു വിതരണം ചെയ്തത്. 4 ദിവസത്തെ ഹോം വോട്ടിങ് സംവിധാനം നാളെ അവസാനിക്കും. ഭിന്നശേഷിക്കാർക്കും 85നു മുകളിൽ പ്രായമുള്ളവർക്കും വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിങ് സംവിധാനത്തിൽ 4873 ഭിന്നശേഷിക്കാരും 85ന് മുകളിൽ പ്രായമുള്ള 10531 പേരും ഉൾപ്പെടെ മൊത്തം 15,404 പേരാണ് ജില്ലയിൽ വോട്ട് ചെയ്യാനുള്ളത്.

Exit mobile version