Site icon CTV Online

ഉയര്‍ന്ന താപനിലയും അത്യൂഷ്ണവും; അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി

കോഴിക്കോട്: ജില്ലയില്‍ ഉയര്‍ന്ന താപനിലയും അന്തരീക്ഷ ഈര്‍പ്പവും കാരണം അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിവിധ വകുപ്പുകള്‍ക്കും അതിജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജോലിയില്‍ ഉള്‍പ്പെടെ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കാനും തൊഴില്‍ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവക്ക് നിര്‍ദേശം നല്‍കി. തൊഴിലിടങ്ങളില്‍ കുടിവെള്ളവും വായുസഞ്ചാരവും ശൗചാലയ സൗകര്യങ്ങളും ഉറപ്പാക്കുക, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുക, വിശ്രമിക്കാന്‍ തണലുള്ള താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കുക, വിദ്യാര്‍ഥികള്‍ക്കുള്ള അവധിക്കാല ക്ലാസുകളും ക്യാമ്പുകളും പകല്‍ സമയത്തെ ചൂട് കണക്കിലെടുത്ത് ഒഴിവാക്കുക.

പരീക്ഷകള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ തണല്‍ സൗകര്യവും കുടിവെള്ളവും ഉറപ്പാക്കുക, സൂര്യാഘാതവും ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ആശുപത്രികളെയും സജ്ജമാക്കുക, പുറംജോലികളില്‍ ഏര്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനും കുടിവെള്ളവും തണല്‍ സൗകര്യങ്ങളും ഒരുക്കാനും നടപടികള്‍ സ്വീകരിക്കുക, ജോലി സമയം ആവശ്യമായ ഇടവേളകളോടെ ക്രമീകരിക്കുക, യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കാന്‍ ട്രാഫിക് സിഗ്‌നലുകളുടെ സമയം കുറക്കുന്നത് പരിഗണിക്കുക, എല്ലാ പഞ്ചായത്തുകളും ഹീറ്റ് ആക്ഷന്‍പ്ലാന്‍ തയാറാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്.

Exit mobile version