Site icon CTV Online

‘ചെറിയ ശിക്ഷ നൽകിയാൽ കേസെടുക്കരുത്’; അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാമെന്ന് ഹൈക്കോടതി

അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനല്‍ കേസെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപകര്‍ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകനെ അധ്യാപകന്‍ വടി കൊണ്ട് തല്ലിയതിന് പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് ക്രിമിനല്‍ കേസ് എടുത്തിരുന്നു. കേസില്‍ അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍. നേരത്തെ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ച രീതിയില്‍ ഉണ്ടാക്കിയെടുക്കാന്‍ ഉപകരിച്ചിരുന്നു. വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരമായ ഉന്നതിയിലും ഒരു അധ്യാപകന് വലിയ പങ്കാണുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.

അധ്യാപകര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ അവിടെ ക്രിമിനല്‍ കേസ് പോലുള്ള ഭീഷണികള്‍ ഉണ്ടാകാന്‍ പാടില്ല. എല്ലാ അധ്യാപകരുടേയും എല്ലാ പ്രവര്‍ത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാല്‍ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ 14 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം നടത്തണം. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത മേലുദ്യോഗസ്ഥന്റെ അനുമതിയോടെയാവണം ഇത്. പരാതിയില്‍ കഴമ്പുണ്ട് എന്നുതോന്നിയാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാം. ഈ അന്വേഷണത്തിന്റെ ഘട്ടത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്യാനും പാടില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Exit mobile version