യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ: റുവൈസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹ്ന ആത്മഹത്യചെയ്ത കേസിൽ പ്രതിയായ ഡോക്ടർ റുവൈസിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പഠനം പൂർത്തിയാക്കാൻ സമ്മതിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ഏതുവ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.തുടർന്നാണ് ജാമ്യം അനുവദിച്ചത്. സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്കസമിതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഷഹ്നയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാദ്ധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നുമാണ് ജാമ്യഹർജിയിൽ റുവൈസ് ആരോപിച്ചിരുന്നത്. പൊലീസിനെ നേരത്തേ വിമർശിച്ചതിന്റെ മുൻവൈരാഗ്യമുണ്ടെന്നും സ്ത്രീധന ആരോപണം ശരിയല്ലെന്നും റുവൈസ് കോടതിയിൽ വ്യക്തമാക്കി. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് താൻ പറഞ്ഞിരുന്നതായും ജാമ്യാപേക്ഷയിൽ റുവൈസ് വ്യക്തമാക്കിയിരുന്നു.
ഷഹ്നയുടെ കുടുംബത്തിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തത്. ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോള്‍ വിവാഹത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തുവെന്നാണ് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരേ പൊലീസ് കേസെടുത്തത്.

error: Content is protected !!