newsdesk
സംസ്ഥാനത്ത്കനത്ത മഴയിലും കാറ്റിലും 2 മരണം. അയൽ വീടിന്റെ ചുറ്റുമതിലിടിഞ്ഞു ദേഹത്തേക്കു വീണ് ആലപ്പുഴ ആറാട്ടുവഴി വാർഡിൽ അന്തേക്കുപറമ്പിൽ അലി – ഹസീന ദമ്പതികളുടെ മകൻ അൽഫയാസ് (14) മഴയ്ക്കിടെ മരം വീണു പൊട്ടിയ ടിവി കേബിൾ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതാമേറ്റ് പാതിരപ്പള്ളി പഷ്ണമ്പലത്തുവെളി പി.പ്രജീഷുമാണ്(38) മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴരയോടെ ട്യൂഷന് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് ജീർണാവസ്ഥയിലായിരുന്ന മതിൽ വൻശബ്ദത്തോടെ അയ്ഫയാത്തിന്റെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സിമന്റ് ഇഷ്ടികകൾ കുട്ടിയുടെ ദേഹത്ത് വീണപ്പോൾ മുഖവും തലയും മറുവശത്തെ ടിൻഷീറ്റിൽ നിർമിച്ച മതിലിൽ അമർന്നു. കുട്ടിയുടെ ശരീരം പൂർണമായും സിമന്റ് കട്ടകൾക്കും കല്ലിനും അടിയിലായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴ ലജ്നത്ത് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അയ്ഫയാത്ത്. പിതാവ് അലി ആലപ്പി പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനാണ്. ഇന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദിൽ ഖബറടക്കം നടത്തും.
ശക്തമായ മഴയ്ക്കിടെ മരം വീണു പൊട്ടിയ ടിവി കേബിൾ നന്നാക്കാനെത്തിയപ്പോഴാണ് ടെക്നിഷ്യൻ പാതിരപ്പള്ളി ആര്യാട് പഞ്ചായത്ത് 13ാം വാർഡ് പഷ്ണമ്പലത്തുവെളി പി.പ്രജീഷ് വൈദ്യുതാഘാതമേറ്റു മരിച്ചത്. പാതിരപ്പള്ളി പാട്ടുകുളത്തിനു സമീപം ഇന്നലെ രാവിലെയാണു പ്രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ കേബിൾ ടിവി സ്ഥാപനത്തിൽ ടെക്നിഷ്യനായ പ്രജീഷ് ചൊവ്വാഴ്ച വൈകിട്ടാണ് കേബിൾ നന്നാക്കാൻ എത്തിയത്. റോഡിൽ ബൈക്ക് വച്ച ശേഷം ഇടവഴിയിലൂടെ കുറെ ദൂരം നടന്നാണു പ്രജീഷ് സ്ഥലത്തെത്തിയത്.
രാത്രി ശക്തമായ മഴയും കാറ്റും വൈദ്യുതി തടസ്സവുമുണ്ടായിരുന്നതിനാൽ പ്രജീഷ് അപകടത്തിൽപെട്ടത് ആരും അറിഞ്ഞില്ല. വെള്ളക്കെട്ടിൽ വീണുകിടക്കുന്ന നിലയിൽ സമീപത്തെ വീട്ടുകാരാണു രാവിലെ കണ്ടത്. കേബിളിലൂടെ എത്തിയ വൈദ്യുതിയിൽ നിന്നാകാം ഷോക്കേറ്റതെന്നു മണ്ണഞ്ചേരി പൊലീസ് പറഞ്ഞു.മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം കൊണ്ടുപോകാൻ വൈകിയെന്ന് ആരോപിച്ചു നാട്ടുകാരുടെ പ്രതിഷേധവും ഉണ്ടായി. വിനീതയാണ് പ്രജീഷിന്റെ ഭാര്യ. മക്കൾ: പ്രണവ്, പ്രവൺ.