newsdesk
കോഴിക്കോട് ∙ കനത്ത മഴയിലും കാറ്റിലും വീടുകളിൽ വെള്ളം കയറിയും മരങ്ങൾ കടപുഴകി വീണും ജില്ലയിൽ വ്യാപകമായ നാശനഷ്ടം. മലയോര മേഖലയിൽ വ്യാപകമായ കൃഷിനാശമുണ്ടായി. മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾക്ക് കേടു പറ്റി. കിണറുകൾ ഇടിഞ്ഞു താഴ്ന്നു.അയൽ ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴ കാരണം ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയർന്ന് അപകടാവസ്ഥയിലാണ്. കുറ്റ്യാടിപ്പുഴയിലും മാഹിപ്പുഴയിലും അപകടകരമാം വിധം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം നൽകി.10 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി.
നേരത്തേ, കോഴിക്കോട് താലൂക്കിലുണ്ടായിരുന്ന 5 ദുരിതാശ്വാസ ക്യാംപുകൾക്കു പുറമേ കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി 3 ക്യാംപുകൾ കൂടി ആരംഭിച്ചു. 2 താലൂക്കുകളിലെ 8 ക്യാംപുകളിൽ 77 പേരാണുള്ളത്. 40 കുടുംബങ്ങളെ ബന്ധു വീടുകളിലേക്കു മാറ്റി. ഇന്നലെ 21 വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോട് താലൂക്കിൽ മൂന്നും കൊയിലാണ്ടിയിൽ പത്തും വടകരയിൽ അഞ്ചും താമരശ്ശേരിയിൽ മൂന്നും വീടുകൾക്കു കേടു പറ്റി. ചെങ്ങോട്ടുകാവ് വില്ലേജിൽ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് 20 കുടുംബങ്ങളെയും താമരശ്ശേരി പനങ്ങാട് പുഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് 11 കുടുംബങ്ങളെയും കുറ്റ്യാടിപ്പുഴയിൽ വെള്ളം കയറിയതിനെത്തുടർന്ന് 7 കുടുംബങ്ങളെയും ബന്ധു വീടുകളിലേക്കു മാറ്റി.
കനത്ത മഴയിൽ പൂനൂർപ്പുഴ കരകവിഞ്ഞ് തണ്ണീർപ്പന്തൽ – മാവിളിക്കടവ് റോഡ് മുങ്ങിയതിനാൽ കോഴിക്കോട് – ബാലുശ്ശേരി റൂട്ടിൽ തുടർച്ചയായി രണ്ടാം ദിവസവും ഗതാഗതം നിലച്ചു. ശിവങ്കൽ കടവു മുതൽ അരക്കിലോമീറ്ററോളം ദൂരം റോഡ് വെള്ളത്തിൽ മുങ്ങി. മൂന്നടിയോളം വെള്ളം കെട്ടിനിൽക്കുകയാണ്. കുറ്റ്യാടി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയ സാഹചര്യത്തിലാണിത്. കടൽക്ഷോഭമുണ്ടായ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ആവശ്യമായ പ്രവൃത്തികൾ അടിയന്തരമായി തയാറാക്കാൻ ഇറിഗേഷൻ വകുപ്പിന് കലക്ടർ നിർദേശം നൽകി.
ജില്ലയിലെ ദേശീയപാതകളിലെ വെള്ളക്കെട്ടുകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് കരാറുകൾക്ക് അടിയന്തര നിർദേശം നൽകിയതായും കലക്ടർ അറിയിച്ചു. ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയൽ, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എസ്.സജീദ്, ഇറിഗേഷൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിൽ കനത്ത കാറ്റിൽ തെങ്ങ്, റബർ, കമുക് ഉൾപ്പെടെയുള്ള വിളകൾക്ക് നാശം സംഭവിച്ചു. കാറ്റിൽ മരം വീണ് വീടുകൾക്കും നാശനഷ്ടമുണ്ടായി.
രാവിലെ ശക്തമായ കാറ്റിൽ തിക്കോടി എഫ്സിഐ ഗോഡൗണിനു സമീപം മരം വീണ് 4 വൈദ്യുത പോസ്റ്റുകൾ മുറിഞ്ഞു വീണ് വൈദ്യുതി നിലച്ചു. പുറക്കാട് എടവനക്കണ്ടി റോഡിലും പള്ളിക്കര ഏഷ്യാഡ് മുക്കിനു സമീപത്തെ റോഡിലും മരം വീണ് വൈദ്യുത ലൈൻ പൊട്ടി വീണു. കീഴൂർ ശിവക്ഷേത്രത്തിനു സമീപം റോഡിൽ മരം വീണു ഗതാഗതം നിലച്ചു. തിക്കോടി പഞ്ചായത്ത് ബസാറിനു സമീപം കടകളിലും വീട്ടിലും വെള്ളം കയറി. ശക്തമായ കാറ്റിൽ അത്തോളി–ചീക്കിലോട് റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ വൈദ്യുത ലൈനും പൊട്ടി വീണിട്ടുണ്ട്. മുക്കത്തിനു സമീപം എടവണ്ണ –കൊയിലാണ്ടി സംസ്ഥാന പാതയിൽ കറുത്തപറമ്പിൽ പെട്രോൾ പമ്പ് ആരംഭിക്കാനിരിക്കുന്ന സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി.
ശക്തമായ കാറ്റിൽ എടച്ചേരി ആലശ്ശേരി പത്താം വാർഡിലെ മീത്തലെ കണ്ടിയിൽ ബാബുവിന്റെ വീടിന്റെ ഓടുകൾ പാറിപ്പോയി. മീത്തലെക്കണ്ടി ദേവദാസിന്റെ പുതിയ വീടിനു മുകളിൽ മരം വീണ് മേൽക്കൂരയ്ക്ക് കേടുപാട് സംഭവിച്ചു. കോട്ടൂർ പഞ്ചായത്തിലെ പെരുവച്ചേരി ഗവ.എൽപി സ്കൂളിലെ നഴ്സറി ബ്ലോക്കിന് മുകളിൽ തൊട്ടടുത്ത പറമ്പിലെ മരം കടപുഴകി വീണു. വ്യാഴാഴ്ച രാവിലെയുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് ഷീറ്റു മേഞ്ഞ കെട്ടിടത്തിനു മുകളിൽ മരം വീണത്. ഷീറ്റ് തകർന്നിട്ടുണ്ട്. ക്ലാസ് നടക്കുന്ന സമയമായതിനാൽ വലിയ ദുരന്തം ഒഴിവായി. ക്ലാസിലായിരുന്ന കുട്ടികൾ പരുക്കു ഏൽക്കാതെ രക്ഷപ്പെട്ടു.