മുരിങ്ങ_മാഹാത്മ്യം ;ഔഷധ ഗുണങ്ങൾ ഏറെ അടങ്ങിയ മുരിങ്ങാക്കായയെ കുറിച്ച് വിശദമായി അറിയാം

എത്ര പറഞ്ഞാലും തീരാത്ത മുരിങ്ങയെ കുറിച്ച് അല്പം

മൊറിൻഗേസീയേയ് എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ.

(ശാസ്ത്രീയനാമം: Moringa oleifera). ഇംഗ്ലീഷ് : Drumstick tree. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ്‌ വളരുന്നത്‌. മൊരിംഗ ഒലേയ്ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വളരുന്നത്‌. വളരെ വേഗം വളരുന്ന, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ള ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശസ്ഥലം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.

വളമിടാത്ത ശുദ്ധമായ പച്ചക്കറിയും ഇലക്കറിയും കഴിക്കണം എങ്കിൽ വീട്ടിലെ മുരിങ്ങമരം നമ്മളെ സഹായിക്കും. മുരിങ്ങയുടെ ഇല, പൂവ്, കായ, വിത്ത് എല്ലാം ഒരുപോലെ ആരോഗ്യകരം.

മലയാളിയ്ക്ക് മുരിങ്ങയുടെ മഹത്വം ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. മെലിഞ്ഞ് ആരോഗ്യമില്ലാത്ത ആളുകളെ ‘മുരിങ്ങക്കോലേ’ എന്നു വിളിച്ചു കളിയാക്കുമ്പോൾ മുരിങ്ങക്കോൽ എത്രമാത്രം ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ് എന്ന് നാം ഓർമിക്കാറില്ല എന്നു മാത്രം.

എലുമ്പനായ ഈ കായ എത്രമാത്രം വമ്പനാണ് എന്നു നോക്കാം. മുരിങ്ങയിലയും മുരിങ്ങക്കായയും പോഷകസമ്പുഷ്ടമാണ്. ധാരാളം ജീവകങ്ങളും ധാതുക്കളും മുരിങ്ങയിലയിലുണ്ട്. പ്രോട്ടീന്‍, ജീവകം ബി 6, ജീവകം സി, ഇരുമ്പ്, റൈബോഫ്ലേവിൻ, ജീവകം എ, മഗ്നീഷ്യം, മാംഗനീസ് എന്നിവയും ഉണ്ട്. മുരിങ്ങയിലയിലും മുരിങ്ങക്കായയിലും ധാരാളം നിരോക്സീകാരികൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഫ്രീറാഡിക്കലുകളുടെ അളവ് കൂടുന്നത് ഓക്സീകരണ സമ്മർദത്തിനു കാരണമാകുന്നു. ഇത് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകും.

ജീവകം സി, ബീറ്റാകരോട്ടിന്‍ ഇവ കൂടാതെ രക്തസമ്മർദം കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തിയേറിയ ആന്റിഓക്സിഡന്റായ ക്യൂവർ സെറ്റിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്നിവയുമുണ്ട്. മുരിങ്ങയിലയിൽ അടങ്ങിയ സംയുക്തങ്ങളായ ഐസോതയോസൈനേറ്റുകൾ രക്ത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

പരിക്കോ അണുബാധയോ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാൻ മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

🌲ചർമ്മത്തിന്റെയുംമുടിയുടെയുംസൗന്ദര്യത്തിനും മുരിങ്ങയിലയുടെ ഉപയോഗം സഹായിക്കും. ആർത്തവ വേദന അകറ്റാൻ മുരിങ്ങിയില നീര് സഹായിക്കും. ഒരുപിടി മുരിങ്ങയില തോരൻ വച്ച് ദിവസവും കഴിച്ചാൽ മുലപ്പാൽ വർധിക്കും. മുരിങ്ങവേര് ഔഷധമായി ഉപയോഗിച്ചു വരുന്നു.

🌲അർബുദം_തടയുന്നു
മുരിങ്ങക്കാ കഴിക്കുന്നത് വിവിധതരം അർബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നു. കുടലിലെ അർബുദം, ചർമാർബുദം, സ്തനാർബുദം, ശ്വാസകോശാർബുദം, അബ്ഡോമിനൽ കാൻസർ ഇവയിൽ നിന്നും സംരക്ഷണമേകാന്‍ മുരിങ്ങക്കായ്ക്കു കഴിയും.

🌲പ്രമേഹം_നിയന്ത്രിക്കുന്നു
മുരിങ്ങക്കായ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണമാണ്. ഇത് രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം നിയന്ത്രിക്കുന്നു. ഗാൾ ബ്ലാഡറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

🌲ഹൃദയാരോഗ്യമേകുന്നു
മുരിങ്ങക്കായിലടങ്ങിയ ജീവകങ്ങളും ധാതുക്കളും ഹൃദയാരോഗ്യമേകുന്നു. ഭക്ഷ്യ നാരുകൾ മുരിങ്ങക്കയിൽ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതു വഴി ഹൃദയധമനികളിൽ പ്ലേക്ക് അടിഞ്ഞു കൂടാതെ തടയുന്നു. ഇത് അതിറോസ്ക്ലീറോസിസ് തടയുന്നു. കൂടാതെ ഹൃദയസംബന്ധ രോഗങ്ങളായ ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദ്രോഗം, ഹൃദയാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

🌲വൃക്കയുടെ_ആരോഗ്യം
വൃക്കയിൽ കല്ലുണ്ടാകുന്നത് തടയുന്നു. ചില മരുന്നുകളുടെയും വിഷപദാർത്ഥങ്ങളുടെയും സമ്പർക്കം മൂലം വൃക്കകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ വരാതെ സംരക്ഷിക്കാൻ മുരിങ്ങ സത്തിനു കഴിയും. മുരിങ്ങക്കാ ഒരു ബയോ അബ്സോർബന്റ് ആയി പ്രവർത്തിച്ച് ഹെവിമെറ്റലുകളെയും ഉപദ്രവകാരികളായ വിഷാംശങ്ങളെയും നീക്കുന്നു.

🌲ആസ്മയ്ക്ക്
ശ്വാസകോശസംബന്ധമായ രോഗങ്ങളായ ആസ്മ, ശ്വാസകോശത്തിൽ വീക്കം ഇവ തടയാൻ മുരിങ്ങക്കായുടെ പതിവായ ഉപയോഗം ഫലപ്രദമാണ്. മുരിങ്ങക്കായയ്ക്ക് ആന്റി അലർജിക്ക് ഗുണങ്ങൾ ഉണ്ട്. ആസ്മ തടയാന്‍ മാത്രമല്ല ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്താനും മുരിങ്ങക്കായ സഹായിക്കുന്നു.

🌲സന്ധിവേദന
മുരിങ്ങയ്ക്കായ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് വേദനയിൽ നിന്നും ആശ്വാസമേകും. കൂടാതെ സന്ധിവാതം, ഗൗട്ട്, റൂമാറ്റിസം മുതലായ ഇൻഫ്ലമേറ്ററി രോഗങ്ങൾ വരാതെ കാക്കാനും മുരിങ്ങക്കായ്ക്കു കഴിയും.

🌲ദഹനത്തിന്
മുരിങ്ങക്കാ പതിവായി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റും. മുരിങ്ങയിലയിലും മുരിങ്ങക്കായിലും അടങ്ങിയ ബികോംപ്ലക്സ് ജീവകങ്ങളായ നിയാക്സിൻ, റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, പിരിഡോക്സിൻ എന്നിവയാണു ദഹനത്തിനു സഹായിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പുകൾ ഇവയെ വിഘടിപ്പിച്ച് ലഘു രൂപത്തിൽ ആക്കുന്ന പ്രക്രിയയെ ഈ ജീവകങ്ങൾ നിയന്ത്രിക്കുന്നു.

മുരിങ്ങയിലടങ്ങിയ നാരുകൾ മലബന്ധം അകറ്റാൻ സഹായിക്കുന്നു. വായൂ കോപം, കുടൽ വ്രണം ഇവ ഭേദമാക്കുന്നു. മുരിങ്ങക്കായയ്ക്ക് ആന്റിബാക്ടീരിയൽ ആന്റിബയോട്ടിക് ഗുണങ്ങൾളുണ്ട് . ഇത് രോഗാണുക്കളുടെയും ബാക്ടീരിയകളുടെയും വളർച്ച തടയുന്നു. അതിസാരം അകറ്റുന്നു.

🌲എല്ലുകൾക്ക്
കാൽസ്യം, ഇരുമ്പ്, മറ്റു ജീവകങ്ങൾ ഇവ ധാരാളം അടങ്ങിയ മുരിങ്ങയ്ക്ക എല്ലുകളെ ശക്തിയുള്ളതാക്കുന്നു. ഓസ്റ്റിയോപോറോസിസ് വരാനുള്ള സാധ്യത കുറയ്ക്കുന്നു. മുരിങ്ങയിലെ ആന്റിഓക്സിഡന്റുകളും ആന്റിഓക്സിഡന്റല്‍ സംയുക്തങ്ങളും എല്ലുകൾക്ക് ശക്തി നൽകുന്നു.

ആന്റിഓക്സിഡന്റുകളുടെയും ഫൈറ്റോന്യൂട്രിയന്റുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈറ്റോകെമിക്കലുകൾ മുതലായ ആന്റിഓക്സിഡന്റൽ സംയുക്തങ്ങളുടെയും സാന്നിധ്യമാണിതിനു സഹായിക്കുന്നത്. മുരിങ്ങക്കായിലടങ്ങിയ സംയുക്തങ്ങളായ ക്യൂവർസെറ്റിൻ, കെയിം ഫെറോൾ, നിയാസിമിസിൻ മുതലായവും അർബുദ കോശങ്ങളുടെ വളർച്ച തടയാൻ സഹായിക്കുന്നു.

🌲രോഗപ്രതിരോധ_ശക്തിയ്ക്ക്
മുരിങ്ങയിലയിലും മുരിങ്ങപ്പൂവിലും ആന്റിബാക്ടീരിയൽ ഘടകങ്ങൾ ഉണ്ട്. ഇവ തൊണ്ടയിലും ചർമത്തിലും ഉണ്ടാക്കുന്ന അണുബാധ തടയാൻ സഹായിക്കുന്നു. ഇവയിൽ ധാരാളമായടങ്ങിയ ജീവകം സി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു. ചുമ, പനി, ജലദോഷം ഇവയെല്ലാം വരാനുള്ള സാധ്യത കുറയും.

🌲തലച്ചോറിന്റെ_ആരോഗ്യം
മുരിങ്ങക്കായുടെ ഉപയോഗം തലച്ചോറിന്റെ ആരോഗ്യത്തിനു നല്ലതാണ്. നാഡീ സംബന്ധമായ രോഗങ്ങൾ തടയാൻ ഇതു സഹായിക്കുന്നു. തലച്ചോറിലെ കോശങ്ങളുടെ ഓക്സീകരണ നാശം തടയാൻ മുരിങ്ങക്കായിലെ ആന്റി
ഓക്സിഡന്റുകൾക്കു കഴിയും. ഇത് പാർക്കിൻസൺസ്, അൽഷിമേഴ്സ്, മറവിരോഗം (ഡിമെൻഷ്യ) മുതലായ നാഡീ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ മുരിങ്ങക്കയിലെ ജീവകങ്ങളും ധാതുക്കളും നാഡീവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു.

🌲രക്തംശുദ്ധീകരിക്കാനുള്ളകഴിവും മുരിങ്ങയിലയ്ക്കും മുരിങ്ങക്കായ്ക്കും ഉണ്ട്. സൂപ്പ് ആയോ ജ്യൂസ് രൂപത്തിലോ ഇതുപയോഗിക്കുന്നത് വേദനകളും ചർമപ്രശ്നങ്ങളും അകറ്റും.

🌲ലൈംഗികാരോഗ്യത്തിന്
മുരിങ്ങക്കായിലടങ്ങിയ സിങ്ക് ലൈംഗികാരോഗ്യത്തിനു ഗുണകരം. മുരിങ്ങയുടെ തണ്ടിലടങ്ങിയ ചില സംയുക്തങ്ങൾ വന്ധ്യത, ശീഘ്രസ്ഖലനം മുതലായവയ്ക്ക് പരിഹാരമേകും.

🌲ഗർഭിണികൾക്ക്
മുരിങ്ങക്കായ ഗർഭകാലത്ത് കഴിക്കുന്നത് പ്രസവത്തിന് മുൻപും ശേഷവും ഉള്ള സങ്കീർണതകളെ അകറ്റും.

സാമ്പാറിലോ അവിയലിലോ മുറിച്ചിടാനല്ലേ മുരിങ്ങക്കാ കൊള്ളൂ എന്നാണ് ചിലർ കരുതുന്നത്. എന്നാൽ മുരിങ്ങക്കാ കൊണ്ട് തോരൻ, മുരിങ്ങക്കാ ചക്കക്കുരു ചേർത്ത് തോരൻ, (മുരിങ്ങക്കാ ധാരാളമായുള്ളപ്പോൾ അതിന്റെ കാമ്പ് മാത്രം എടുത്ത് തോരൻ വയ്ക്കാം) മുരിങ്ങയില സൂപ്പ്…

മലയാളി വീട്ടമ്മയുടെ അടുക്കളയിൽ മുരിങ്ങ വിഭവങ്ങൾ ഇനിയുമേറെ. കുട്ടികളെ മുരിങ്ങയില കഴിപ്പിക്കാൻ ദോശയോ, ഇഡ്ഡലിയോ, പുട്ടോ ഒക്കെ ഉണ്ടാക്കുമ്പോൾ മുരിങ്ങയില കൂടി ചേർക്കാം. രുചിയ്ക്കൊപ്പം ആരോഗ്യവും ഏറും. ചപ്പാത്തി, കട്‌ലറ്റ് ഒക്കെ ഉണ്ടാക്കുമ്പോഴും മുരിങ്ങയില ചേർക്കാം. മുരിങ്ങപ്പൂവ് പെറുക്കിയെടുത്ത് കഴുകി വൃത്തിയാക്കി തോരൻ വയ്ക്കാം. മുരിങ്ങപ്പൂ തോരനോളം രുചി മറ്റൊന്നിനും ഉണ്ടാകില്ല.

ഈ പേരെങ്ങനെ കിട്ടി
മലയാളപദമായ മുരിങ്ങ തമിഴ് പദമായ മുരുംഗൈയിൽ നിന്നുണ്ടായതാണ്. മുരുംഗയിൽ നിന്നോ മുരിങ്ങയിൽ നിന്നോ ആണ് ഇതിന്റെ ശാത്രീയനാമത്തിന്റെയും ഉൽഭവം. പലഭാഷകളിലും ഈ മരം ധാരാളം പേരുകളിൽ അറിയപ്പെടുന്നുണ്ട്.

  ☘️ കർക്കിടകത്തിലെ_മുരിങ്ങ_ഇല 

കർക്കിടകത്തിൽ മുരിങ്ങ ഇല കഴിക്കരുത് …കഴിച്ചാൽ എന്താ കുഴപ്പം ..ഫേസ് ബുക്കിൽ തർക്കം ..എന്നാൽ ഒന്ന് നോക്കാം ..എന്തെങ്കിലും ഗുട്ടൻസ് ഉണ്ടോ …നമ്മുടെ സ്വന്തം “മുരിങ്ങ” എന്ന പേര് ഇംഗ്ലീഷ്കാർ കടം എടുത്ത് “Moringa oleifera”എന്ന് പേര് കൊടുത്തു .ലോകം മുഴുവൻ ഇന്ന് മുരിങ്ങയെ “Magical Tree” എന്നാണ് പറയുന്നത് ….രണ്ട് കാരണം ..ഇലയിൽ കാണുന്ന ധാരാളം പോഷക വസ്തുക്കൾ …Malnutrition ഉള്ള രാജ്യങ്ങളിൽ മുരിങ്ങ ഇലയാണ് കൊടുക്കുന്നത് …രണ്ടാമത്തെ കാരണം ആണ് ഏറെ പ്രധാനം ..വിഷം വലിച്ചെടുക്കാനുള്ള കഴിവ് ..


പണ്ട് വീടുകളിൽ കിണറിന് അടുത്താണ് മുരിങ്ങ നടുന്നത് .കിണറിലോട്ട് ചെന്ന് ചേരുന്ന വെള്ളത്തിലെ ബാക്ടീരിയയും , എല്ലാ വിഷ വസ്തുക്കളെയും മുരിങ്ങ വലിച്ചെടുക്കും ..അങ്ങിനെ കിണർ വെള്ളം ശുദ്ധം ആവും ..ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് ..ചില രാജ്യങ്ങളിൽ മുരിങ്ങയുടെ വിത്തിൽ നിന്നും എടുക്കുന്ന പ്രോടീൻ ആണ് വെള്ളം ശുദ്ധി ആക്കാൻ ഉപയോഗിക്കുന്നത് …പണ്ട് നാട്ടു ചികിത്സയിൽ മുരിങ്ങ ഇല ഉപയോഗിക്കുമായിരുന്നു ..ശരീരത്തിൽ പഴുപ്പ് ഉണ്ടായാൽ മുരിങ്ങ ഇലയും ചോറും അരച്ച് കെട്ടും ..മുരിങ്ങ ഇല വലിച്ചെടുക്കുന്ന വിഷവും ബാക്ടീരിയയും ചോറ് എടുത്ത് പിടിച്ചു നിർത്തും ..
കർക്കിടകവും മുരിങ്ങയും തമ്മിൽ എന്ത് ബന്ധം …ഇന്നത്തെ മഴ ഇല്ലാത്ത കർക്കിടകം അല്ല ..പണ്ടത്തെ കോരി ചൊരിയുന്ന മഴയുള്ള കർക്കിടകം …നാല് ഭാഗത്തുനിന്നും അഴുക്ക് വെള്ളം ചെന്ന് പറമ്പിൽ കെട്ടും ..മുരിങ്ങക്ക് ജോലി ആയി …വെള്ളത്തിലെ വിഷം മുഴുവൻ വലിചെടുക്കണം ..അപ്പോൾ സാധാരണയിൽ കവിഞ്ഞ് വിഷാംശം മുരിങ്ങയിൽ വരും …മുരിങ്ങ കായ് അതിലെ പ്രോടീൻ ഉപയോഗിച്ച് വിഷത്തെ നശിപ്പിക്കും .എന്നാൽ മുരിങ്ങ ഇലയ്ക്ക് അത് കഴിയില്ല ..കൊണ്ട് നടക്കും ..

അപ്പോൾ കർക്കിടക മഴക്കാല മുരിങ്ങ അത്ര നല്ലതല്ല ..ഒരു പ്രത്യേക കാര്യം…. ശരിയായ കർക്കിടകം ..മഴയില്ലാ കർക്കിടകം അല്ല … പണ്ടത്തെ കർക്കിടകം അറിയാമല്ലോ ….അസുഖങ്ങൾ ഉണ്ടാക്കുന്ന കർക്കിടകം

error: Content is protected !!