Site icon CTV Online

അത്താഴത്തിന് ശേഷം ഈ കാര്യങ്ങൾ നിങ്ങൾ അറിയാതെ ചെയ്യുന്നുണ്ടോ ?എങ്കിൽ ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കും; വിശദമായി വായിക്കാം

newsdesk

ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രശ്‌നമാണ് ശരീരഭാരം കൂടുന്നത് അഥവാ പൊണ്ണത്തടി. നല്ല മെലിഞ്ഞ കൊലുന്നഞ്ഞേ ഉള്ള ശരീര ഭംഗിയോടെ സുന്ദരിയും സുന്ദരനും ആയിരിക്കാൻ ഇഷ്ട്ടപെടുന്നവരാണ് നമ്മളിൽ ഏറെയും ,പക്ഷെ മോശം ജീവിതശൈലിയും ഭക്ഷണ ശീലങ്ങളുമൊക്കെ ഏവരെയും പൊണ്ണത്തടിയിൽ ആണ് കൊണ്ടെത്തിക്കുന്നത് ,കൂടാതെ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ മൂലവും പൊണ്ണത്തടി വര്‍ദ്ധിക്കാം. എന്നാല്‍ ജീവിത ശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ ഒരു പരിധിവരെ നമുക്ക് അമിതഭാരം നിയന്ത്രിക്കാനാകും. വിദഗ്ധരുടെ അഭിപ്രായത്തില്‍ അത്താഴം കഴിച്ച ഉടന്‍ ഉറങ്ങാന്‍ പാടില്ല. രാത്രി ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നത് അമിതവണ്ണം വര്‍ദ്ധിപ്പിക്കുകയും ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യാം. അത്താഴത്തിന് ശേഷം നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

  1. അമിതമായി വെള്ളം കുടിക്കരുത്

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് അത്ര നന്നല്ലെന്നാണ് പറയപ്പെടുന്നത്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഭക്ഷണം ശരീരത്തിലെത്തിയാല്‍ അത് ദഹിപ്പിക്കാന്‍ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും എടുക്കും. ഇതിനിടയില്‍ വെള്ളം കുടിക്കുന്നത് ദഹനത്തെ ബാധിക്കാം. അതുകൊണ്ട് ഭക്ഷണം കഴിച്ച് 45 മുതല്‍ 60 മിനിറ്റിന് ശേഷം വെള്ളം കുടിക്കുന്നതാണ് ഉത്തമം. അതല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് വെള്ളം കുടിക്കാവുന്നതാണ്.

  1. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്

ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നത് ഭക്ഷണം ശരിയായി ദഹിക്കുന്നതില്‍ നിന്ന് തടയുന്നു. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും, നെഞ്ചെരിച്ചില്‍, ഗ്യാസ് അസിഡിറ്റി, വയറുവേദന തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം. ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഇടയില്‍ കുറഞ്ഞത് 3 മുതല്‍ 4 മണിക്കൂര്‍ വരെ ഇടവേള ഉണ്ടായിരിക്കേണ്ടതാണ്. അതിനാല്‍, ഉറങ്ങുന്നതിന് മൂന്ന് നാല് മണിക്കൂര്‍ മുമ്പ് അത്താഴം കഴിക്കാന്‍ ശ്രമിക്കുക.

  1. കഫീന്‍ കഴിക്കുന്നത്

ഭക്ഷണം കഴിച്ച ഉടനെ ചായയും കാപ്പിയും കഴിക്കരുത്. കാപ്പി, ചായ തുടങ്ങിയ പാനീയങ്ങളില്‍ പലപ്പോഴും കഫീന്‍ കാണപ്പെടുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കഫീന്‍ കഴിക്കുന്നത് ദഹനവ്യവസ്ഥയെ തകരാറിലാക്കും. ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതോടൊപ്പം ശരീരഭാരവും വര്‍ദ്ധിക്കും.

  1. രാത്രി വൈകി അത്താഴം കഴിക്കരുത്

രാത്രി വൈകി അത്താഴം കഴിക്കുന്നത് മിക്കവരും ചെയ്യുന്ന ഒരു തെറ്റാണ്. ഈ ശീലം നിങ്ങളുടെ ഭാരം വര്‍ദ്ധിപ്പിക്കാം. ഉറങ്ങുന്നതിന് 2-3 മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കണം. ഇതിലൂടെ നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് ഭക്ഷണം ദഹിപ്പിക്കാന്‍ ആവശ്യമായ സമയം ലഭിക്കും.

അഥാവാ രാത്രി വൈകി ഭക്ഷണം കഴിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ ദഹിക്കുന്ന തരത്തിലുളള ഭക്ഷണം കഴിക്കുക.അത്താഴത്തില്‍ കൂടുതല്‍ നാരുളള ഭക്ഷണം ഉള്‍പ്പെടുത്താവുന്നതാണ്. ദഹന പ്രശ്നമുണ്ടാകാതിരിക്കാന്‍ അത്താഴത്തില്‍ പച്ചക്കറികളും സാലഡും ഉള്‍പ്പെടുത്താവുന്നതാണ്. ഭക്ഷണം കഴിച്ച ഉടനെ കിടന്നുറങ്ങരുത്.

Exit mobile version