
newsdesk
തൃശൂർ: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി മേരി സഹേലി പരിപാടിക്ക് തുടക്കമായി. ആർ.പി.എഫിന്റെ നേതൃത്വത്തിൽ പാലക്കാട് റെയിൽവേ ഡിവിഷൻ പരിധിയിലാണ് മേരി സഹേലിക്ക് തുടക്കമായത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കണ്ടെത്തി, സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ബോധവൽക്കരിക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി റെയിൽവേ ഡിവിഷന്റെ പരിധിയിൽ വരുന്ന അഞ്ച് പ്രധാന സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. 64 വനിതാ ആർ.പി.എഫ് ഉദ്യോഗസ്ഥരെയാണ് സ്റ്റേഷനുകളിൽ വിന്യസിപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ പതിവായി ട്രെയിനുകളിൽ യാത്ര ചെയ്യും.
വനിതാ ഉദ്യോഗസ്ഥരെ സഹായിക്കാൻ പുരുഷ ഉദ്യോഗസ്ഥരും ഉണ്ടാകും. സുതാര്യത ഉറപ്പു വരുത്തുന്നതിന് ശരീരത്തിൽ ഘടിപ്പിച്ച ക്യാമറകളും സംഘം ഉപയോഗിക്കും. പദ്ധതിയുടെ നടത്തിപ്പിനായി യാത്രക്കാരിൽ നിന്ന് അഭിപ്രായ ശേഖരണവും നടത്തും.
