Site icon CTV Online

സില്‍വര്‍ലൈന്‍ സര്‍വേ തടയാനാകില്ല;രണ്ട് ഹര്‍ജികള്‍ കൂടി തള്ളി ഹൈക്കോടതി

Web Desk

സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി തള്ളി ഹൈക്കോടതി. സര്‍വേ നടത്തുന്നതും അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതും കോടതി ഇടപെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി തള്ളിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പഠനം നടത്തുന്നതിന് കല്ലുകള്‍ സിമന്റിട്ട് ഉറപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. പഠനത്തിനുശേഷം കല്ല് എടുത്തുമാറ്റുമോ, ഭൂമിയുടെ ഉടമസ്ഥര്‍ക്ക് ലോണ്‍ എടുക്കാന്‍ സാധിക്കുമോ, കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതുവരെ കല്ല് അവിടെത്തന്നെ ഇടുമോ മുതലായ കാര്യങ്ങളിലെല്ലാം വ്യക്തത വേണമെന്ന് കോടതി നിരീക്ഷിച്ചു. വലിയ കല്ലുകളിട്ട് ജനങ്ങളെ എന്താനാണ് പരിഭ്രാന്തരാക്കുന്നതെന്നും കോടതി ചോദിച്ചു. കോടതി വന്‍കിട പദ്ധതിക്കെതിരാണ് എന്ന പ്രതീതി വരുത്തരുതെന്നും കോടതി സൂചിപ്പിച്ചു. കെ റെയില്‍ റെയില്‍വേയുടെ പദ്ധതിയല്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഈ വാദത്തിന് ഹൈക്കോടതി അംഗീകാരം നല്‍കുകയായിരുന്നു. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് സിമന്റിട്ട് കല്ലുകള്‍ ഉറപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

Exit mobile version