
WebDesk
ഓസ്ട്രേലിയക്കെതിരെ വനിതാ ടി-20 ലോകകപ്പ് സെമി കളിക്കാനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. സെമിയിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഓൾറൗണ്ടർ പൂജ വസ്ട്രാക്കറും കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ലൈനപ്പിലെ സുപ്രധാന താരങ്ങളായ ഇരുവരും ഇല്ലാതെയിറങ്ങുന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഇരുവർക്കും പനിയാണെന്നും അടുത്തുള്ള ഒരു ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇവർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെങ്കിലും മാച്ച് ഫിറ്റാണോ എന്ന് ഉറപ്പില്ല.
ഹർമനും പൂജയും കളിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ ടീം കോമ്പിനേഷനെ സാരമായി ബാധിക്കും. ഹർമനു പകരം ഹർലീൻ ഡിയോളും പൂജയ്ക്ക് പകരം അഞ്ജലി ശർവാനിയും കളിക്കാനാണ് സാധ്യത. ഹർമൻ്റെ അഭാവത്തിൽ സ്മൃതി മന്ദനയാവും ടീമിനെ നയിക്കുക. സെമിയിൽ ഓസ്ട്രേലിയക്ക് മേൽക്കൈ ഉണ്ട്. അതോടൊപ്പം ടീമിലെ സുപ്രധാന താരങ്ങളിൽ പെട്ട ഇരുവരും കളിച്ചില്ലെങ്കിൽ ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലാവും.
ഇന്ത്യൻ സമയം വൈകിട്ട് 6.30ന് കേപ്പ്ടൗണിലെ ന്യൂലാൻഡ്സിലാണ് മത്സരം. ലോകകപ്പിൽ 5 തവണ കിരീടം നേടുകയും എല്ലാ എഡിഷനിലും സെമിയിലെത്തുകയും ചെയ്ത ഓസ്ട്രേലിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോല്പിച്ചാണ് ജേതാക്കളായത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയെ മറികടക്കുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.
