ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരെ നഗ്നതാ പ്രദർശനം

NEWSDESK

മാവേലിക്കര: മാവേലിക്കരയിൽ വാതില്‍പ്പടി സേവനത്തിനെത്തിയ തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ അതിക്രമം. തഴക്കര കുന്നം അഞ്ചാം വാര്‍ഡില്‍ ഇന്നലെ ഉച്ചക്ക് രണ്ടരക്കാണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിനിരയായത്. കുന്നം മലയില്‍ സലില്‍ വിലാസില്‍ സാം തോമസ് ആണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറയുകയും ഉടുതുണി ഉയര്‍ത്തിക്കാട്ടി നഗ്‌നത പ്രദർശനം നടത്തി അധിക്ഷേപിക്കുകയും ചെയ്തത് എന്നും

ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തതായി കാട്ടി മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ സ്ത്രീകള്‍ പരാതി നല്‍കി.സേനാംഗങ്ങള്‍ ഇയാളുടെ വീട്ടില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം അടക്കം ഇയാളുടെ വീടിനു പുറത്ത് മതിലിനരികില്‍ സുരക്ഷിതമായി ചാക്കിലാക്കി വെച്ച ശേഷം മറ്റിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാന്‍ പോയി. ഇവര്‍ പോയ ശേഷം സാം തോമസ് പ്ലാസ്റ്റിക് നിറച്ച ചാക്ക് ഇറവങ്കര ജംഗ്ഷനില്‍ കൊണ്ടു പോയി റോഡരികില്‍ ഉപേക്ഷിച്ചു. ശേഖരിച്ചു വെച്ച മാലിന്യം എടുക്കാന്‍ ഉച്ചക്ക് ശേഷം എത്തിയ സ്ത്രീകള്‍ സാമിനോട് പ്ലാസ്റ്റിക് എവിടെയെന്ന് ചോദിച്ചപ്പോളാണ് അതിക്രമം ഉണ്ടായത്. കയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍ പിന്തിരിഞ്ഞ് ഓടിയതുകൊണ്ടാണ് ദേഹോപദ്രവത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പരാതിയിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഇവർ മാവേലിക്കര പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ ഒരാളുടെ മാത്രം മൊഴി രേഖപ്പെടുത്തിയ ശേഷം സാമിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പ്രതിയെ സ്റ്റേഷനില്‍ നിന്ന് പിന്നീട് വിട്ടയച്ചതായും അറിയുന്നു.ഇയാള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങള്‍ വഴി ഭീഷണി തുടരുകയാണെന്നും പറയുന്നു. പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നേരേ ഉണ്ടായ അതിക്രമത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹരിതകര്‍മ സേന മാവേലിക്കര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.സാമിന്‍റെ അതിക്രമത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്നുണ്ട്.

error: Content is protected !!
%d bloggers like this: