Site icon CTV Online

ഷാജഹാന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്‌ഐആര്‍ റിപ്പോര്‍ട്ട്

Web Desk

മലമ്പുഴ കുന്നങ്കോട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്.ഐ.ആര്‍. ഷാജഹാന്റെ കാലിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ശബരി, അനീഷ് എന്നീ രണ്ട് പേരാണ് ഷാജഹാനെ വെട്ടിയതെന്നും ദൃക്‌സാക്ഷിയായ സുരേഷ് പറഞ്ഞു. തന്റെ മകന്‍ സുജീഷും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു.

രാഷ്ട്രീയകൊലപാതകമാണെന്ന എഫ്‌ഐആര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പാര്‍ട്ടി അംഗമായ സുരേഷിന്റേയും സുകുമാരനെന്ന മറ്റൊരാളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ്. വെട്ടേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചത് സുരേഷ് ആണ്. ആദ്യം ശബരിയും പിന്നീട് അനീഷും വെട്ടിയെന്നാണ് സുരേഷിന്റെ മൊഴി. ഈ മേഖലയില്‍ കഴിഞ്ഞ ബ്രാഞ്ച് സമ്മേളനം മുതല്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട ഷാജഹാനൊപ്പം ഒരു കൊലക്കേസില്‍ മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ച മറ്റൊരാളും അക്രമി സംഘത്തിലുണ്ടായിരുന്നു.

കൊലപാതക കേസില്‍ ജയിലില്‍ കഴിഞ്ഞയാളെ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാക്കുന്നുവെന്ന ആരോപണമുണ്ടായിരുന്നു. ബ്രാഞ്ച് സമ്മേളനത്തില്‍ നിന്നും ചിലര്‍ ഇറങ്ങിപ്പോകുകയും ഇതില്‍ ചിലര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ പ്രതികരണം.

Exit mobile version