Site icon CTV Online

ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ

Web Desk

ലോകായുക്തയുടെ ശക്തി ചേര്‍ത്തുന്ന നിയമ നിർമാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ലോകായുക്തയുടെ വിധി സർക്കാരിന് സ്വീകരിക്കാനോ തള്ളിക്കളയാനോ അധികാരം നൽകുന്ന ഭേദഗതിയടക്കമുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആര്‍.ബിന്ദുവിനും എതിരായ പരാതികള്‍ ലോകായുക്തയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
അധികാര സ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തകർ അഴിമതി നടത്തിയതായി വ്യക്തമായാൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട അധികാരി വിധി അംഗീകരിക്കണം. ഈ ഭാഗത്താണ് സർക്കാർ മാറ്റം വരുത്തുന്നത്.

ഹിയറിങ് നടത്തി വിധി തള്ളാനോ കൊള്ളാനോ ചെയ്യാൻ സർക്കാരിന് ഇനി മുതൽ കഴിയും. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയാണ് ഹിയറിങ് നടത്തി തീരുമാനമെടുക്കേണ്ടത്. ലോകായുക്തയുടെ വിധിയിൽ ബന്ധപ്പെട്ട അധികാരി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്നും അല്ലെങ്കിൽ വിധി അംഗീകരിച്ചതായി കണക്കാക്കുമെന്നും ഓർഡിനൻസിൽ പറയുന്നു.

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി.ജലീലിനു രാജിവയ്ക്കേണ്ടിവന്നത് ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. ബന്ധുനിയമന കേസിൽ അഴിമതി കാണിച്ച ജലീൽ അധികാര സ്ഥാനത്ത് തുടരരുത് എന്നായിരുന്നു വിധി. ഓർഡിനൻസിലൂടെ ലോകായുക്തയുടെ അധികാരങ്ങൾ കവരാനുള്ള സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Exit mobile version