
Web Desk
സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ അപ്രായോഗികമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. മാനദണ്ഡമില്ലാതെ പെരുന്നാൾ ദിവസം വരെ സംസ്ഥാനത്തെ കടകൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം വ്യക്തമാക്കി.
ശനി ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് എതിരെ സമരം ശക്തമാക്കാനുറച്ച് തന്നെയാണ് വ്യാപാരികൾ. വ്യാഴാഴ്ച മുതൽ സംസ്ഥാന വ്യാപകമായി എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം. പെരുന്നാൾ വരെ ഇങ്ങനെ തുടരുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി നസറുദ്ദീൻ വ്യക്തമാക്കി.
ഉത്സവ സീസണുകൾ അടുത്ത ഘട്ടത്തിൽ ഇക്കാര്യത്തിൽ ഇനിയൊരു വിട്ടുവീഴ്ചയില്ലെന്നാണ് സമിതി നേതൃത്വം വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ഉത്സവകാലത്തേയ്ക്കായി വലിയ തുകയുടെ കരുതലാണ് ഒരോ വ്യാപാരികളും നടത്തിയത്. കട തുറന്നില്ലെങ്കിൽ വലിയ നഷ്ടം ഉണ്ടാകുമെന്നത് കൊണ്ടു തന്നെ ശനി ഞായർ ദിവസങ്ങളിലും കൊവിഡ് മാനദണ്ഡം പാലിച്ച് കടകൾ തുറക്കും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണവും അംഗീകരിക്കില്ലെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
