NEWSDESK
കോഴിക്കോട്: സംഘർഷത്തിൽ പരിക്കു പറ്റിയവരുമായി വന്ന ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞാണ് ആക്രമണം
ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ ഭീതിപടർത്തി വീണ്ടും ഗുണ്ടാ ആക്രമണം. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിന് മുമ്പിലായിരുന്നു ഇന്നലെ പുലർച്ചെ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം. സംഘർഷത്തിൽ പരിക്കു പറ്റിയവരുമായി വന്ന ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞാണ് ആക്രമണം. സംഭവത്തിൽ 12പേർ അറസ്റ്റിൽ. ഒരാളെ പിടികിട്ടാനുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 2.20 ഓടെയായിരുന്നു സംഭവം. ജീപ്പിനകത്ത് ആളുകൾ
ഇല്ലാതിരുന്നതിനാൽ ആർക്കും പരിക്കുകളില്ല. വലിയ അപകടമാണ് ഒഴിവായത്. ജീപ്പിന്റെ വശങ്ങളും സീറ്റുമുൾപ്പടെയുള്ള ഭാഗങ്ങൾ ഭാഗികമായി കത്തിനശിച്ചു. പ്രദേശത്തുണ്ടായിരുന്ന മറ്റ് ടാക്‌സി ഡ്രൈവർമാർ എത്തി തീ അണച്ചതിനാലാണ് അപകടം ഒഴിവായത്.
പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ എന്ന പോക്‌സോ ബഷീർ(42),ഷഹബാസ് അഷറഫ്(25), പൂവാട്ട് പറമ്പ് കേളൻപറമ്പ് അസ്‌കർ(35),ചെറൂപ്പ കോടഞ്ചേരി വീട്ടിൽ ഫവാസ്(24), പെരിയങ്ങാട്തടായിൽ വീട്ടിൽ അബ്ദുൽറാസിഖ്(40),പൂവാട്ടുപറമ്പ് പുറായിൽ ഹൗസിൽ ഷാഹുൽഹമീദ്(20),കുറ്റിക്കാട്ടൂർ മേലേ അരയങ്കോട്മുനീർ(42) തീർത്തക്കുന്ന് അരുൺ(25)പൂവാട്ട്പറമ്പ് കളരിപുറായിൽ അർഷാദ്(25),പെരുമണ്ണ പനച്ചിങ്ങൽ റോഡ് മുഹമ്മദ്അജ്‌നാസ്(23),തറോൽ പുളിക്കൽതാഴം യാസർ അറാഫത്ത്(28) എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ അർജുൻ എന്ന പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പൂവാട്ടുപറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി-കമ്പനി എന്നറിയപ്പെടുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. സംഘത്തിന്റെ തലവൻ ബഷീർ എന്ന പോക്‌സോ ബഷീറിനൊപ്പം മുമ്പ് പ്രതിയായിരുന്ന അജ്മൽ എന്നയാൾ കേസിൽ ഹാജരാവാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
ഏറ്റുമുട്ടലിൽ പരിക്കേറ്റവരുമായി മെഡിക്കൽകോളേജിൽ എത്തിയ സംഘത്തെ പിന്തുടർന്നെത്തിയ എതിർസംഘം കാഷ്വാലിറ്റിക്ക് മുൻവശത്തുള്ള റോഡിൽ വച്ച് പെട്രോൾ നിറച്ച ബിയർകുപ്പി ജീപ്പിലേക്ക് എറിയുകയായിരുന്നു.അറസ്റ്റിലായവരിൽ മിക്കവരും മറ്റു കേസുകളിലും പ്രതികളാണ്. ഡി.സി.പി കെ.ഇ ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘവും മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നി ലാലുവും സംഘവും ചേർന്നാണ് പ്രതികളെ പിടി കൂടിയത്.