
newsdesk
സ്വർണവില ഇടിവിന് വിരാമമിട്ട് വീണ്ടും കൂടുന്നു. കേരളത്തിൽ ഗ്രാമിന് ഇന്നു രാവിലെ വില 70 രൂപ ഉയർന്ന് 13,710 രൂപയായി. 560 രൂപ വർധിച്ച് 1,09,680 രൂപയാണ് പവൻ വില. ഇന്നലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോൾ ഔൺസിന് 4138 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നുണ്ടായിരുന്നത് 4177 ഡോളറിൽ. 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ ഉയർന്ന് 11,265 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 240 രൂപ.
രണ്ട് രാജ്യങ്ങളുടെ സമ്പദ്‍രംഗത്തു നടക്കുന്ന ചലനങ്ങളാണ് ഇപ്പോൾ സ്വർണവിലയെ നേരിയതോതിലെങ്കിലും കരകയറാൻ സഹായിക്കുന്നത്. ഒന്ന്, ചെങ്കടൽ തീരത്തെ യാമ്പുവിൽ നിന്നുള്ള എണ്ണ കയറ്റുമതി സൗദി അറേബ്യ വീണ്ടും സജീവമാക്കിയതോടെ ക്രൂഡോയിൽ വില താഴ്ന്നു. ഇത് യുഎസ് ഡോളർ സൂചിക, യുഎസ് സർക്കാരിന്റെ ബോണ്ട് യീൽഡ് എന്നിവയുടെ കുതിപ്പിന് തടയിട്ടു. സ്വർണത്തിന് ഇത് നേട്ടമാവുമായി. രണ്ട്, ചൈനയുടെ സ്വർണം വാങ്ങിക്കൂട്ടലാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യമായ ചൈന 2025ൽ 940 ടൺ സ്വർണം വാങ്ങിയിരുന്നു. 2026ലെ ഇറക്കുമതി ഓഗസ്റ്റ് ആയപ്പോഴേക്കും മാത്രം 1141 ടണ്ണാണ്. ഓഗസ്റ്റിൽ 142 ടൺ വാങ്ങി. ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയാണ് കരുതൽ ശേഖരത്തിലേക്ക് സ്വർണം വാരിനിറയ്ക്കുന്നത്.
2026ൽ ചൈനയുടെ മൊത്തം സ്വർണം ഇറക്കുമതി 1700 ടൺ കടക്കുമെന്നാണ് കരുതുന്നത്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, കറൻസി, ബോണ്ട് വിപണികളുടെ അസ്ഥിരത എന്നിവ മൂലം ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ ഡോളർ ഉൾപ്പെടെയുള്ള കറൻസികൾക്ക് പകരം കരുതൽ വിദേശനാണ്യ ശേഖരത്തിലേക്ക് സ്വർണമാണ് കൂടുതലായും ഇപ്പോൾ വാങ്ങിക്കൂട്ടുന്നത്. ഇത്തരത്തിൽ ഡിമാൻഡ് ഏറുകയും ബോണ്ട് യീൽഡും യുഎസ് ഡോളറും താഴുകയും ചെയ്താൽ 2027ൽ രാജ്യാന്തര സ്വർണവില 5200 ഡോളറിൽ എത്തുമെന്നാണ് ലണ്ടൻ ആസ്ഥാനമായ നിക്ഷേപ, ധനകാര്യ സ്ഥാപനം എലാറ ക്യാപിറ്റലിന്റെ വിലയിരുത്തൽ.
രാജ്യാന്തര സ്വർണവില 5200 ഡോളറിൽ എത്തിയാൽ കേരളത്തിൽ പവൻവില 1.26 ലക്ഷം രൂപ കടക്കും. എന്നാൽ, രൂപ-ഡോളർ വിനിമയനിരക്ക് കൂടി കണക്കാക്കുമ്പോൾ പവൻവില 1.32 ലക്ഷം രൂപയെങ്കിലും കടക്കുമെന്നാണ് അനലിസ്റ്റുകളുടെ അനുമാനം. ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1.31 ലക്ഷം രൂപയാണ് പവന്റെ റെക്കോർഡ്. അന്ന് ഗ്രാം വില 16,395 രൂപയായിരുന്നു.
ഇറാൻ-യുഎസ് സംഘർഷത്തിന് അയവില്ലാതിരിക്കുകയും ക്രൂഡോയിൽ വില കൂടുകയും ചെയ്താൽ അത് ഡോളറിനും ബോണ്ട് യീൽഡിനും കരുത്താകും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടുകയും ചെയ്യും. അങ്ങനെ സംഭവിച്ചാൽ സ്വർണവില താഴേക്കിറങ്ങും. പ്രതികൂല സാഹചര്യമാണ് തുടരുന്നതെങ്കിൽ രാജ്യാന്തരവില 3940 ഡോളറിലേക്ക് താഴുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. പവൻവില 1.06 ലക്ഷം രൂപയിലുമെത്താം.
