ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്‍റ് ഡിജിറ്റൽ ഫെസ്റ്റ്ഡിസംബർ 22, 23 തിയതികളിൽ ദയാപുരത്ത്:42 സ്കൂളുകൾ പങ്കെടുക്കും

ദയാപുരം: ഡിസംബർ 22, 23 തീയതികളിൽ ദയാപുരം റസിഡൻഷ്യൽ സ്കൂളില്‍ നടക്കുന്ന ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്‍റ് ഡിജിറ്റൽ ഫെസ്റ്റിൽ കേരളത്തിൽ നിന്നും വിദേശത്തുനിന്നുമുള്ള 42 സ്കൂളുകൾ പങ്കെടുക്കും.
22-നു രാവിലെ ഒമ്പതരയ്ക്കു നടക്കുന്ന ചടങ്ങിൽ നൗക്രി.കോം ഫൗണ്ടറും അശോക യൂണിവേഴ്സിറ്റി കോ-ഫൗണ്ടറുമായ സഞ്ജീവ് ബിഖ്‌ചന്ദാനി ഉദ്ഘാടനസന്ദേശം നൽകും. ദയാപുരം ചെയർമാൻ ഡോ. എം എം ബഷീർ അധ്യക്ഷനായ ചടങ്ങിൽ പിടിഎ റഹിം എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ‘ലൂക്കോടു’ ഫൗണ്ടർ അനിൽ ബാലൻ സംസാരിക്കും.
കുട്ടികളെ ഉപഭോക്താക്കൾ എന്നതിൽ നിന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഭാവനാശാലികളായ നിർമാതാക്കളാക്കുക എന്ന ദർശനത്തോടെ കെജി തലം മുതല്‍ തന്നെ പ്രോഗ്രാമിംഗ് പഠിപ്പിക്കുന്ന സൈബർ സ്‌ക്വയർ പാഠ്യപദ്ധതി 2017-ൽ ആദ്യമായി ഇന്ത്യയിൽ നടപ്പിലാക്കിയ ദയാപുരം സ്കൂൾ ഇതുവരെ ആറു ഡിജിറ്റൽ ഫെസ്റ്റിവലുകൾ നടത്തിയിട്ടുണ്ട്.
യുഎഇ, കാനഡ, ബഹറിൻ, യുകെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള ഇന്ത്യൻ പൗരരായ വിദ്യാർത്ഥികളും ഇന്ത്യയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കും. മൊബൈൽ ആപ് കോഡിംഗ്, വെബ്സൈറ്റ് കോഡിംഗ്, ഇന്‍റർനെറ്റ് ഓഫ് തിംഗ്സ്, നിർമിതബുദ്ധി എന്നീ മേഖലകളിലാണ് പ്രദർശനങ്ങളും അവതരണങ്ങളും നടക്കുക. വിജയികളെ തെരഞ്ഞെടുക്കുക വിദഗ്ധസമിതി ആയിരിക്കും.
“ഐഐടികൾ പോലെയുള്ള സ്ഥാപനങ്ങളിലൂടെയും കഴിവുള്ള പ്രോഗാമർമാരെ സംഭാവന ചെയ്യുന്നതിലൂടെയും ഇന്ത്യ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ആഗോള വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് നൽകിയ സംഭാവനകള്‍ കൊണ്ടാടുന്നത് നമ്മുടെ വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുമെന്ന് ദയാപുരം പ്രത്യാശിക്കുന്നു” -ഫെസ്റ്റ് ഡയറക്ടർ സി ടി ആദിൽ പറഞ്ഞു.
കോഡിംഗിൽ മിടുക്കരായ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഒരുമിച്ചു വരാനുള്ള വേദിയാണ് ഈ വർഷത്തെ ഡിജിറ്റൽ ഫെസ്റ്റ്. ഒട്ടേറെ സ്കൂളുകൾ പങ്കെടുക്കാൻ മുന്നോട്ടുവന്നു എന്നത് വളരെ സന്തോഷജനകമാണ്”- സ്കൂൾ പ്രിൻസിപ്പൽ പി ജ്യോതി പറഞ്ഞു.
ഫെസ്റ്റ് ഡയറക്ടർ സി ടി ആദിൽ ,സ്കൂൾ പ്രിൻസിപ്പൽ പി ജ്യോതി, സ്കൂള്‍ പാർലിമെന്‍റ് പ്രൈം മിനിസ്റ്റർ ഇഷിത തപസ്സും കബീർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .

error: Content is protected !!