NEWSDESK
രാത്രികാലങ്ങളില്‍ അര്‍ദ്ധനഗ്നനായി വീടുകളിലെത്തി സ്വര്‍ണാഭരണങ്ങള്‍ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. തളിപറമ്പ് സ്വദേശി ഷാജഹാനെയാണ് കണ്ണൂര്‍ ടൗൺ പോലീസ് പിടികൂടിയത്. കോട്ടയം, ആലപ്പുഴ, കാസര്‍കോഡ്, കണ്ണൂര്‍ എന്നീ ജില്ലകളിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍.
അടിവസ്ത്രവും ബനിയനും മാസ്കും ധരിച്ചാണ് ഷാജഹാന്‍ വീടുകളില്‍ മോഷണത്തിനെത്തിയിരുന്നത്. സ്ഥിരം മോഷണം നടത്തിയിരുന്ന ആളായിട്ടും പ്രതിയെ കുറിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ കണ്ടെത്തിയത്. ഇതോടെ മോഷ്ടാവിനെ പിടികൂടാനായി പോലീസ് തയാറെടുപ്പുകള്‍ നടത്തി.