newsdesk
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്കും മത്സ്യ മാംസാദികൾക്കും വില കുത്തനെ വർദ്ധിക്കുന്നു. ഇതിനൊപ്പം അരിയുടെ വിലയും വർദ്ധിച്ചതോടെ സാധാരണക്കാരായ ജനങ്ങൾക്ക് ഭക്ഷണം കഴിക്കാനായി പാടുപെടേണ്ട അവസ്ഥയാണ്. ഓരോന്നിനും കിലോയ്‌ക്ക് 25 രൂപ വരെയാണ് കൂടിയിരിക്കുന്നത്. മാത്രമല്ല, പല പച്ചക്കറികളും എത്ര വില കൊടുത്താലും കിട്ടാനില്ലാത്ത അവസ്ഥയിലുമാണ്.അവിയലും സാമ്പാറും ഉടൻ അപ്രത്യക്ഷമാകും, കേരളത്തിലെ പച്ചക്കറിവില ഉയരുന്നതിന് കാരണം
മഴ കുറവായതിനെ തുടർന്ന് തമിഴ്‌നാട്ടിൽ പച്ചക്കറി ഉൽപ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള ഇറക്കുമതിയും കുത്തനെ കുറഞ്ഞു. ഇറക്കുമതിയിൽ 60 ശതമാനത്തോളം കുറവാണുണ്ടായിട്ടുള്ളത്. ഇതോടെ പല പച്ചക്കറികൾക്കും ഒറ്റയടിക്ക് 30 രൂപയോളമാണ് വിലവർദ്ധന ഉണ്ടായത്. തക്കാളി കിലോയ്‌ക്ക് 75 ആണ് വില. വഴുതനയ്‌ക്ക് 50 രൂപയാണ്, വള്ളിപ്പയറിന് കിലോയ്‌ക്ക് 100കഴിഞ്ഞു. പച്ചമുളകിന് കിലോയ്‌ക്ക് 150 രൂപ കഴിഞ്ഞു. 45 രൂപയാണ് സവാളയ്‌ക്ക് വില, ചെറിയ ഉള്ളിക്ക് 75 ആണ്, ഉരുളക്കിഴങ്ങിന് കിലോയ്‌ക്ക് 45 ആണ് വില. ഇതോടെ പച്ചക്കറി വിഭവങ്ങൾ മാത്രം കഴിക്കുന്നവർ പ്രതിസന്ധിയിലായിരിക്കുകയാണ്.
മൺസൂൺ കാലത്ത് ആഴക്കടലിലുള്ള യന്ത്രവൽകൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തിയതോടെ സംസ്ഥാനത്ത് നല്ല മീനുകൾ ലഭിക്കാതെയായി. കിട്ടുന്ന മീനുകൾക്കെല്ലാം പൊള്ളുന്ന വിലയാണ്. കിലോയ്‌ക്ക് നൂറ് രൂപയായിരുന്ന മത്തിക്ക് ഇപ്പോൾ 400 രൂപയാണ് വില. ഇതോടെ സാധാരണക്കാരുടെ പ്രിയ മത്സ്യമായ മത്തി തീൻമേശയിൽ നിന്ന് പുറത്തായ മട്ടാണ്. ട്രോളിംഗ് നിരോധനകാലത്ത് കടലിൽ പോകുന്ന വള്ളങ്ങൾക്ക് മത്തി, അയല എന്നിവ വൻ തോതിൽ ലഭിക്കാറുണ്ടായിരുന്നു.എന്നാൽ, ഇത്തവണ വെറുംവലയുമായാണ് പലരും മടങ്ങിയത്. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിരൂക്ഷമായ ചൂടാണ് പ്രധാന വില്ലൻ. സാധാരണഗതിയിലുള്ള 26-27 ഡിഗ്രി സെൽഷ്യസ് ചൂട് മാത്രമേ മത്തിക്ക് അതിജീവിക്കാൻ കഴിയൂ. എന്നാൽ, ഇത്തവണത്തെ ചൂട് 30-32 വരെയാണ്. ഇത് മീനുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മീൻ എത്തിയാൽ മാത്രമേ വില കുറയുകയുള്ളു എന്നാണ് വ്യാപാരികൾ പറയുന്നത്
.പച്ചക്കറികൾക്കും മീനിനും മാത്രമല്ല, ഇറച്ചിക്കും വൻ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കോഴി ഇറച്ചിക്ക് (മാംസം) കിലോയ്‌ക്ക് 250 രൂപയിൽ കൂടുതലാണ് വില. ബീഫിന് 350 കഴിഞ്ഞു. മട്ടൺ ഒരു കിലോയ്‌ക്ക് 900ത്തിലെത്തി. ഇതോടെ ഹോട്ടലുകളിലും ഭക്ഷണത്തിന് വിലകൂടി. ഈ പ്രതിസന്ധിക്കിടെ മുട്ട കഴിച്ച ജീവിക്കാമെന്ന് കരുതിയാലും രക്ഷയില്ല. ഒരെണ്ണത്തിന് ഏഴ് രൂപയിലെത്തിയിരിക്കുകയാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന സാധാരണക്കാരായ ജനങ്ങളെ വലിയ രീതിയിലാണ് ഈ വിലവർദ്ധന ബാധിച്ചിരിക്കുന്നത്. ഒരു മാസത്തെ ചെലവ് നോക്കിയാൽ വൻ തുക അധികമായി വേണ്ടി വരുന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നത്.