
newsdesk
കോഴിക്കോട് :വടകര , പുറമേരിയിൽ പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് യുവാവ് ഹോട്ടൽ അടിച്ചു തകർത്തു. പുറമേരിയിലെ ബിരിയാണി ഡേയ്‌സ് എന്ന ഹോട്ടലിന് നേരെയാണ് യുവാവിന്റെ ആക്രമണം. ആക്രമണത്തില്‍ ഹോട്ടല്‍ ഉടമ വെള്ളികുളങ്ങര സ്വദേശി സാദിഖിന് മർദ്ദനമേറ്റു.
ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓർഡർ ചെയ്തു. എന്നാല്‍ പൊറോട്ടയ്ക്ക് ചൂടില്ലെന്നും രുചി കുറവാണെന്നും പറഞ്ഞു ഉടമയുമായി തർക്കത്തിലായി. ഭക്ഷണത്തിന് പണം നല്‍കേണ്ടതില്ലെന്നും വേണമെങ്കില്‍ ഭക്ഷണം തിരിച്ചെടുക്കാമെന്നും സാദിഖ് പറഞ്ഞെങ്കിലും യുവാവ് കേട്ടില്ല. കടയില്‍ നിന്നും പുറത്തുപോയി തിരിച്ചെത്തിയ ഇയാൾ അക്രമം നടത്തുകയായിരുന്നു.
വെള്ളക്കുപ്പി കൊണ്ട് സാദിഖിനെ മർദ്ദിക്കുകയും കടയുടെ ചില്ലുകള്‍ അടിച്ചുതകർക്കുകയും ചെയ്തു. മർദ്ദനത്തെത്തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാദിഖിനെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
