
Web Desk
വടകര താലൂക്ക് ഓഫിസിന് തീയിട്ടതെന്ന് സംശയിക്കുന്ന ആന്ധ്ര സ്വദേശിയെ കസ്റ്റഡിയിലെടുത്തു. വടകര ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സതീഷാണ് പിടിയിലായത്. താലൂക്ക് ഓഫിസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയിൽ ഇയാൾ തീയിട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതു കണ്ടെത്തിയത്. ഇയാൾക്ക് താലൂക്ക് ഓഫിസ് തീപിടിത്തവുമായി ബന്ധമുണ്ടോ എന്നറിയാൻ ചോദ്യംചെയ്യും. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ വടകര താലൂക്ക് ഓഫിസ് കെട്ടിടം പൂർണമായി കത്തിനശിച്ചു. ഭൂരിഭാഗം ഫയലുകളും 45 കംപ്യൂട്ടറുകളും നശിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. രാവിലെ അഞ്ചരയോടെ സമീപത്തെ ജയിൽ ജീവനക്കാരാണു തീ കണ്ടത്. അതിനു മണിക്കൂറുകൾക്ക് മുൻപു തന്നെ കെട്ടിടത്തിനുള്ളിൽ തീ പടർന്നിരിക്കാമെന്ന് കരുതുന്നു. അഗ്നിരക്ഷാസേനയുടെ 10 യൂണിറ്റ് എത്തിയാണു തീയണച്ചത്.
1885ൽ സ്ഥാപിച്ചെന്നു കരുതുന്ന താലൂക്ക് ഓഫിസിൽ 100 വർഷത്തിലധികം പഴക്കമുള്ള ഒട്ടേറെ ഫയലുകളുണ്ടായിരുന്നു. അവയിൽ പലതും കത്തിനശിച്ചു. തൊട്ടടുത്തുള്ള പഴയ ട്രഷറി, സബ് റജിസ്ട്രാർ ഓഫിസ്, ജയിൽ എന്നിവയിലേക്കു തീ പടരാത്തതിനാൽ കൂടുതൽ അപകടം ഒഴിവാകുകയായിരുന്നു
