newsdesk
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ. കളമശ്ശേരിയിൽ ഡെങ്കിപ്പനി വ്യാപനം. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം കാത്ത് ആരോഗ്യ വകുപ്പ്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് നാല് പനി മരണങ്ങൾ.
നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കോളറ സ്ഥിരീകരിച്ച പത്തു വയസുകാരനടക്കം രണ്ട് കുട്ടികൾ SAT ആശുപത്രിയിൽ ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ രോഗ ഉറവിടം എവിടെ നിന്നാണെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താനാകാത്തത് ആശങ്കയുണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്നവരുടെ പശ്ചാത്തലം പരിശോധിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
സംസ്ഥാനത്ത് പകർച്ച പനി ബാധിച്ചു ഇന്നലെ ചികിത്സ തേടിയത് 13511 പേരാണ്. ഡെങ്കിപ്പനി എലിപ്പനി കേസുകളിലും വർധനവുണ്ട്. എറണാകുളത്ത് കളമശ്ശേരി മുൻസിപ്പാലിറ്റി പരിധിയിൽ 113 ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു.കേസുകളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു.സ്കൂളുകളിൽ നിന്ന് ഡെങ്കി കേസുകൾ ഉണ്ടായ വിവരം മറച്ചു വെച്ചതായും പരാതി ഉയർന്നു.35 കുട്ടികൾക്ക് രോഗ വ്യാപനം ഉണ്ടായതോടെയാണ് വിവരം പുറത്തുവന്നത്. നഗരസഭ ആരോഗ്യവകുപ്പിന് കൃത്യമായി കണക്കുകൾ നൽകുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാല് മരണങ്ങൾ എലിപ്പനി ഡെങ്കിപ്പനി വെസ്റ്റ് നൈൽ മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.