Site icon CTV Online

ആംബുലൻസ് ഗതാഗതകുരുക്കിൽപ്പെട്ട് ആശുപത്രിയിൽ എത്താൻ വൈകി മൂന്ന് വയസുകാരന്റെ മരണം; ‘നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു; പിതാവ്

ആംബുലൻസ് ഗതാഗതകുരുക്കിൽപ്പെട്ട് ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ് പ്രദോഷ്. നേരത്തെ എത്തിച്ചിരുന്നെങ്കിൽ കുട്ടിയെ രക്ഷപ്പെടുത്താമായിരുന്നു എന്ന് ഡോക്ടർ പറഞ്ഞെന്നും പിതാവ് പറഞ്ഞു.

ആശുപത്രിയിൽ പോകാൻ വാഹനങ്ങൾക്ക് പരമാവധി ശ്രമിച്ചു. എന്നാൽ ഗതാഗത കുരുക്ക് കാരണം ഏറെ വൈകിയാണ് ആംബുലൻസ് എത്തിയത്. പരാതി നൽകിയാലും മരിച്ച കുട്ടിയെ തിരിച്ച് കിട്ടില്ലലോ എന്ന് പിതാവ് ചോദിച്ചു. കൊട്ടിയൂരിൽ ഗതാഗത കുരുക്കിൽ കുടുങ്ങിയത് കൊണ്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത്. പാൽചുരം കോളനിയിലെ പ്രദോഷ് – ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കൊട്ടിയൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഓടുന്ന 108 ആംബുലൻസ് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് കൊട്ടിയൂർ അമ്പായത്തോട്ടിലെ കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും റോഡിലുണ്ടായ ഗതാഗത കുരുക്കിൽ ആംബുലൻസ് കുടുങ്ങി പോകുകയായിരുന്നു.

പത്ത് മിനിറ്റ് കൊണ്ട് എത്തേണ്ട സ്ഥലത്താണ് കുട്ടി ഉണ്ടായിരുന്നതെന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞു. പനിയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിരന്തരമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന പ്രജുലിന് തലച്ചോറിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

Exit mobile version