
Web Desk
തമിഴ് കവിയും ഗാനരചയിതാവും എ ഐ എഡി എം കെ നേതാവുമായ പുലമൈപിത്തന്‍ അന്തരിച്ചു. 86വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . നായകനിലെ ‘തെന്‍പാണ്ടി ചീമയിലെ’, മൗനം സമ്മതം എന്ന മമ്മൂട്ടി ചിത്രത്തിലെ ‘കല്യാണ തേന്‍നിലാ’ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ എഴുതിയത് പുലമൈപിത്തനാണ്.
1968ല്‍ എംജിആര്‍ നായകനായ ‘കുടിയിരുന്ത കോയില്‍’ എന്ന സിനിമയില്‍ പാട്ടെഴുതി ഗാനരചയിതാവായി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഗാനരചനാജീവിതത്തില്‍ആയിരത്തിലേറെ ഗാനങ്ങളെഴുതി. തമിഴകത്തെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എം.ജി.ആര്‍, ശിവാജിഗണേശന്‍, കമലഹാസന്‍, രജനികാന്ത്, വിജയ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആസ്ഥാനകവിയെന്നാണ് എം.ജി.ആര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എം.ജി.ആര്‍. മുഖ്യമന്ത്രിയായപ്പോള്‍ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.
നാലുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും നേടിയിട്ടുണ്ട്.
