14 വർഷം കുഞ്ഞുങ്ങളില്ലാതെ ഇരുന്ന് കിട്ടിയതാ….അറിയാവോ?’; വണ്ടിപ്പെരിയാർ പോക്സോ വിധി കേട്ട് അലമുറയിട്ട് കുട്ടിയുടെ മാതാവ്

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി കേട്ട് അലമുറയിട്ട് കരഞ്ഞ് കുഞ്ഞിന്റെ മാതാവ്. കട്ടപ്പന അതിവേഗ കോടതിയുടെ വിധി കേട്ട് അതിവൈകാരികമായാണ് മാതാവ് പ്രതികരിച്ചത്.

പതിനാല് വർഷം കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്ന കിട്ടിയ കുട്ടിയാണെന്നും എവിടെ നീതിയെന്നും അവർ ചോദിച്ചു. ‘നിങ്ങൾക്കെല്ലാവർക്കും കുഞ്ഞുങ്ങളില്ലേ? ആ കുഞ്ഞിനാണ് ഈ ഗതി വന്നതെങ്കിൽ നിങ്ങൾക്ക് സങ്കടം തോന്നില്ലേ? അവനെ കോടതി വെറുതെ വിട്ടെങ്കിലും എന്റെ ഭർത്താവ് അവനെ വെറുതെ വിടില്ല. കാശ് കൊടുത്ത് അവൻ എല്ലാവരെയും വിലയ്ക്ക് വാങ്ങിയതാ മക്കളേ…’. കുട്ടിയുടെ മാതാവ് കോടതി മുറിക്ക് പുറത്ത് കരഞ്ഞുപറഞ്ഞു.

പ്രതി അർജുൻ കുറ്റക്കാരനല്ലെന്ന് ഒറ്റവരിയിൽ കോടതി വിധിക്കുകായിരുന്നു. പ്രതിക്കെതിരായ കുറ്റം പൊലീസിന് തെളിയിക്കാനായില്ലെന്ന് കട്ടപ്പന അതിവേഗ കോടതി വിധിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

2021 ജൂൺ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിരുന്നു.

error: Content is protected !!